
കേരളത്തിലെ യുവതലമുറയ്ക്കിടയില്‍ വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളില്‍ മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ്. സിനിമയിലെ ഇത്തരം വയലൻസ് രംഗങ്ങൾ സ്വാധീനിക്കുന്നുണ്ടെങ്കിൽ നന്മകളും അതുപോലെ സ്വാധീനിക്കണ്ടേ എന്ന് ഇതിന്‍റെ പശ്ചാത്തലത്തില്‍ നടൻ ജഗദീഷ് അഭിപ്രായപ്പെട്ടിരുന്നു. നടന്റെ ഈ പ്രസ്താവനയ്ക്കെതിരെ സംവിധായകന്‍ എംഎ നിഷാദ് രംഗത്തെത്തിയിരിക്കുകയാണ്.
വയലൻസ് കുത്തി നിറച്ച സിനിമയുടെ ഭാഗമായത് കൊണ്ട് വല്ലാതെ ന്യായീകരിക്കരുതെന്നും അത് ഒരുതരം അവസരവാദമെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ലെന്നും നിഷാദ് ഫെയ്സ്ബുക്കില്‍ കുറിച്ചു. നല്ലതിനോട് ആഭിമുഖ്യമുളള സമൂഹമായിരുന്നെങ്കിൽ ഇവിടെ നന്മമരങ്ങളാൽ സമൃദ്ധമായേനെ. തിന്മയോടുളള ആസക്തിയാണ് പൊതുവിൽ കണ്ട് വരുന്നത്. ഇത് ജഗദീഷിനും അറിവുളള കാര്യമാണെന്നും നിഷാദ് പറഞ്ഞു. സമൂഹത്തിൽ നടമാടുന്ന അനിഷ്ട സംഭവങ്ങളിൽ മയക്കുമരുന്നിനും ലഹരിക്കുമുളള പങ്ക് വളരെ വലുതാണ്. അത് പോലെ തന്നെയാണ് സിനിമയിൽ വർധിച്ച് വരുന്ന വയലൻസ് രംഗങ്ങളും മയക്കുമരുന്നുപയോഗവും. എതിർക്കപ്പെടേണ്ടതിനെ ആ അർത്ഥത്തിൽ തന്നെ എതിർക്കണം പ്രൊഫ: ജഗദീഷ്.. അങ്ങയിലെ അധ്യാപകൻ ഉണരട്ടെ എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.
'മാർക്കോ'യിൽ ജഗദീഷ് പ്രധാന റോളില്‍ അഭിനയിച്ചിരുന്നു. സിനിമയിൽ താൻ അവതരിപ്പിച്ച ടോണി ഐസക്ക് അക്രമത്തിന് കൂട്ടുനിൽക്കുന്ന വ്യക്തിയാണെന്നും എന്നാൽ ജഗദീഷ് എന്ന വ്യക്തി ഒരിക്കലും അക്രമത്തിനൊപ്പം നിൽക്കുന്നയാളല്ലെന്നും ജഗദീഷ് പറഞ്ഞിരുന്നു. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് ടോണി ഐസക്കിനെ ആണോ അതോ ജഗദീഷിനെയാണോ എന്നും ജഗദീഷ് ചോദിച്ചിരുന്നു.
അതേസമയം, കഴിഞ്ഞ വര്‍ഷം മലയാളത്തിൽ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളിൽ ഒന്നാണ് ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ. ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. ഇന്ത്യയിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമെന്ന ടാഗ്‌ലൈനോടുകൂടി തിയേറ്ററിലെത്തിയ ചിത്രം 100 കോടിയോളം കളക്ട് ചെയ്തിരുന്നു. ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്.
എന്നാല്‍ അടുത്തിടെ സിനിമയ്ക്കെതിരെ മന്ത്രി ഗണേഷ് കുമാർ അടക്കം രംഗത്തെത്തിയിരുന്നു. ഇത്തരം സിനിമകൾക്ക് പ്രദർശനം അനുവദിച്ച സെൻസർ ബോർഡിനെയും മന്ത്രി വിമർശിച്ചിരുന്നു. ചോര തെറിപ്പിക്കുന്നതിനെ ഹരം പിടിക്കുംവിധം അവതരിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു ഗണേഷ് കുമാറിന്‍റെ വിമര്‍ശനം. സിനിമാ മേഖലയിലെ നിരവധി താരങ്ങളും ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
Content Highlights: director m a nishad criticizes jagadish statement about marco movie