സിനിമയിലെ കൊക്കയിൻ ഗ്ലൂക്കോസ് പൊടിയാണ് എന്നാൽ നാട്ടിൽ ഉള്ളത് ഒറിജിനൽ: വി എ ശ്രീകുമാർ

‘മാർക്കോ’ സിനിമയുടെ സാറ്റലൈറ്റ്, ഒടിടി പ്രദർശനം നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്നും സംവിധായകൻ ശ്രീകുമാർ.

dot image

കേരളത്തിലെ യുവതലമുറയ്ക്കിടയില്‍‌ വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളില്‍ മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ്. ഇതിനെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. നാട്ടിലെ അക്രമവാസനയ്ക്കും ലഹരി ആസക്തിക്കും കാരണം സിനിമയാണെന്നു വിശ്വസിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ‘മാർക്കോ’ സിനിമയുടെ സാറ്റലൈറ്റ്, ഒടിടി പ്രദർശനം നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്നും സംവിധായകൻ ശ്രീകുമാർ പറയുന്നു. സിനിമയിലെ കൊക്കയിൻ ഗ്ലൂക്കോസ് പൊടിയാണെന്നും എന്നാൽ നാട്ടിൽ ഉള്ളത് ഒർജിനലാണെന്നും ഇദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചാണ് ശ്രീകുമാറിന്‍റെ പ്രതികരണം.

വി എ ശ്രീകുമാർ പങ്കുവെച്ച പോസ്റ്റിന്റെ പൂർണരൂപം:

'ജീവിതത്തിൽ മദ്യമോ സിഗററ്റോ മറ്റ് ലഹരികളോ ഉപയോഗിക്കാത്ത ഒരാളാണ് ഞാൻ എന്ന ആമുഖത്തോടെ പറയട്ടെ സിനിമ അടക്കമുള്ള ആർട്ടുകൾ നൽകുന്ന സന്ദേശമാണ് ഇപ്പോൾ നടക്കുന്ന കൊടും ക്രൈമുകളുടെ കാരണം എന്നു ഞാൻ വിശ്വസിക്കുന്നില്ല. സ്വാധീനമുള്ള അനേകം കാര്യങ്ങളിൽ ഒന്നു മാത്രമാണ് ആർട്ട്. നന്മയാണ് ആർട്ടിൽ ഏറെയും. എന്നു കരുതി ആ സ്വാധീനം നാട്ടിലാകെ ഇല്ലല്ലോ. സ്വാധീനിച്ചാൽ തന്നെ ഉപയോഗിക്കാനുള്ള നിരോധിത ലഹരികൾ എങ്ങനെ സ്കൂൾ കുട്ടികളിൽ വരെ എത്തുന്നു? ആ വലിയ വല നെയ്ത് കുട്ടികളെ കുടുക്കുന്ന ആ വിഷ ചിലന്തി ആരാണ്? ആ കണ്ണി മുറിക്കാത്തത് എന്തുകൊണ്ട്? വ്യാപകമായും പ്രബലമായും നിരോധിത മയക്കു മരുന്നുകൾ ലഭ്യമാക്കുന്ന വേരല്ലേ അറുക്കേണ്ടത്?

GenZ തലമുറയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നത് ശാസ്ത്രീയമല്ല. ലഹരി മാഫിയ കുട്ടികളെ ലക്ഷ്യമിട്ട് വളർന്നു പടർന്നു പന്തലിച്ചു. ആ മാഫിയയുടെ മുന്നിലാണ് നമ്മൾ തോൽക്കുന്നത്. നാർക്കോട്ടിക് ബിസിനസ് അവസാനിക്കാൻ ജനജാഗ്രത വേണം. മാർക്കോയുടെ സാറ്റലൈറ്റ്, ഒ.ടി.ടി പ്രദർശനം നിരോധിക്കുന്നതിനെ പിന്തുണക്കുന്നില്ല. ലോകത്ത് വയലൻസിനെ ചിത്രീകരിച്ച അനേകം സിനിമകളുണ്ട്. ഇതിഹാസങ്ങളുണ്ട്. ആർട്ട് നിരോധിച്ച് കുറ്റം ചാർത്തിയാൽ തീരുന്നതല്ല പ്രശ്നം. സിനിമയിലെ കൊക്കയിൻ ഗ്ലൂക്കോസ് പൊടിയാണ്. നാട്ടിൽ ഉള്ളത് ഒർജിനലും!'

Content Highlights:  Director VA Sreekumar supports the film 'Marco'

dot image
To advertise here,contact us
dot image