
ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇഡ്‌ലി കടൈയുടെ റിലീസ് വീണ്ടും നീട്ടിയതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഏപ്രിൽ 10 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമയുടെ റിലീസ് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലേക്ക് നീട്ടിയതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ധനുഷിന്റെ അടുത്ത സംവിധാന സംരംഭത്തിൽ അജിത് നായകനാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
വലൈപേച്ചിൽ എന്ന യൂട്യൂബ് ചാനലാണ് ധനുഷ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ അജിത് നായകനാകുമെന്ന് റിപ്പോർട്ട് ചെയ്യുന്നത്. ധനുഷിന്റെ നിർമാണ കമ്പനിയായ വണ്ടര്‍ബാര്‍ പിക്‌ചേഴ്‌സായിരിക്കും ചിത്രം നിർമിക്കുക എന്നും അനിരുദ്ധ് സംഗീതം നിര്‍വഹിക്കുമെന്നും റൂമറുകളുണ്ട്.
ഇതിന് പിന്നാലെ അടുത്ത ചിത്രത്തില്‍ അജിത് നായകനാകുന്നതിനാലാണോ ക്ലാഷില്‍ നിന്ന് ധനുഷ് പിന്‍വാങ്ങുന്നതെന്ന ചോദ്യവും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഏപ്രിൽ 10 ന് അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയും റിലീസ് ചെയ്യുന്നുണ്ട്. മുന്നേയും ഇഡ്‌ലി കടൈയുടെ റിലീസ് നീട്ടിയിരുന്നു. ഫെബ്രുവരി ആറിന് റിലീസ് പ്രഖ്യാപിച്ച സിനിമ അജിത്തിന്റെ വിടാമുയർച്ചിയുമായുള്ള ബോക്സ് ഓഫീസ് ക്ലാഷ് ഒഴിവാക്കാനായാണ് ഏപ്രിലിലേക്ക് മാറ്റിയത് എന്ന് തമിഴ് മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്‌ലി കടൈയിൽ അരുൺ വിജയ്‌യും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ നടന്റെ ക്യാരക്റ്റർ പോസ്റ്റർ ഈ അടുത്ത് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു ബോക്സിങ് പശ്ചാത്തലത്തിലാണ് അരുൺ വിജയ്‌യുടെ കഥാപാത്രമുള്ളതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. പോസ്റ്ററിൽ ഒപ്പം ധനുഷിനെയും കാണാനാകും. തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് ഇഡ്‌ലി കടൈ.
Content Highlights: Is Dhanush to direct Ajith's next movie