
മലയാള സിനിമയിൽ നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടിയാണ് കുളപ്പുള്ളി ലീല. കസ്തൂരിമാൻ, പുലിവാൽ കല്യാണം തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ മലയാള സിനിമയിൽ തനിക്ക് അവസരം ലഭിക്കുന്നത് കുറവാണെന്ന് പറയുകയാണ് നടി. തമിഴ് സിനിമ കിട്ടിയില്ലായിരുന്നുവെങ്കില്‍ പിച്ച എടുക്കേണ്ടി വന്നേനെയെന്നും ലീല പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയ്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘മലയാളത്തില്‍ നിന്നും എന്നെ ആരും വിളിക്കുന്നില്ല. ഇടയ്ക്കാണെങ്കില്‍ പോലും കിട്ടുന്നത് ഇവിടത്തെ സൂപ്പര്‍സ്റ്റാറുകളുടെ കൂടെയാണ്, അതൊരു ഭാഗ്യമാണ്. തമിഴില്‍ സിനിമ കിട്ടിയില്ലായിരുന്നുവെങ്കിൽ പിച്ച എടുക്കേണ്ടി വന്നേനെ. മലയാളത്തില്‍ വര്‍ക്ക് തീരെ കുറവാണ്. മലയാളത്തില്‍ നിന്നാണ് എന്നെ തമിഴിലേക്ക് വിളിച്ചത്. അതുകൊണ്ട് തന്നെ മലയാളത്തെ എന്റെ ജീവിതത്തില്‍ ഞാന്‍ മറക്കില്ല, അതിനും മുമ്പ് മറക്കാത്ത കലയുണ്ട്, അതാണ് നാടകം. നാടകമാണ് എന്നെ ഇവിടെയെത്തിച്ചത്. ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന സിനിമ സുധ കൊങ്കരയുടെ ശിവ കാര്‍ത്തികേയന്‍ ചിത്രം പരാശക്തിയാണ്. ചിത്രത്തില്‍ ഒന്ന് രണ്ട് സീനുകള്‍ ചെയ്തപ്പോള്‍ സുധ കൊങ്കര എന്റെയടുത്ത് അടിപൊളിയാണെന്ന് പറഞ്ഞു, ഇതിലും വലിയ ഭാഗ്യം എന്താണ് എനിക്ക് കിട്ടാനുള്ളത്,'കുളപ്പുള്ളി ലീല പറഞ്ഞു.
ആകാശവാണി നാടകങ്ങളിലൂടെ ചലച്ചിത്രരംഗത്ത് എത്തിയ അഭിനേത്രിയാണ് കുളപ്പുള്ളി ലീല. അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തില്‍ ത്രേസ്യാമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് അവര്‍ സിനിമാലോകത്തേക്ക് കടന്ന് വന്നത്. തമിഴിൽ അണ്ണാത്തെ, അരമനൈ 3 തുടങ്ങിയ സിനിമകളിലെ ലീലയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlights: Kulapulli Leela says opportunities are diminishing in Malayalam cinema