
മണികണ്ഠനെ നായകനാക്കി രാജേശ്വർ കാളിസ്വാമി സംവിധാനം ചെയ്ത ഫാമിലി ഡ്രാമ ചിത്രമാണ് കുടുംബസ്ഥൻ. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 27 കോടിയാണ് സിനിമ നേടിയത്. എട്ട് കോടി ബഡ്ജറ്റിലാണ് സിനിമ ഒരുങ്ങിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ചിത്രം മാർച്ച് ഏഴ് മുതൽ സീ 5 വിലൂടെ സ്ട്രീമിങ് ആരംഭിക്കും എന്ന വാർത്തയാണ് പുറത്തുവരുന്നത്. നേരത്തെ, ഫെബ്രുവരി 28 ന് ചിത്രം സ്ട്രീം ചെയ്യാൻ പോകുകയായിരുന്നു എന്നാണ് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. സിനിമാ നിരൂപകരിൽ നിന്ന് വളരെ നല്ല പ്രതികരണമാണ് കുടുംബസ്ഥന് ലഭിച്ചത്. മണികണ്ഠനെ കൂടാതെ സാൻവേ മേഘനയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജിത് ചിത്രമായ വിടാമുയർച്ചിയെയും മറികടന്നാണ് കുടുംബസ്ഥൻ ബോക്സ് ഓഫീസിൽ വിജയം കൈവരിച്ചത്. വിടാമുയർച്ചിയുടെ മോശം പ്രതികരണങ്ങൾ കാരണം പലയിടത്തും സിനിമയ്ക്ക് സ്ക്രീനുകൾ നഷ്ടപ്പെട്ടിരിക്കുന്നെന്നും പകരം മണികണ്ഠൻ നായകനായ 'കുടുംബസ്ഥൻ' പ്രദർശിപ്പിച്ചിരുന്നു എന്ന് നേരത്തെ പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരുന്നു.
രാജേശ്വർ കാളിസാമിയുടെ ആദ്യ ചിത്രമാണ് കുടുംബസ്ഥൻ. പ്രസന്ന ബാലചന്ദ്രനൊപ്പം ചേർന്നാണ് അദ്ദേഹം ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്. സിനിമാകരൻ ബാനറിൽ എസ് വിനോദ് കുമാറാണ് ചിത്രം നിർമ്മിച്ചത്. വൈശാഖാണ് ചിത്രത്തിനായി സംഗീതം നല്‍കിയത്. ഗുഡ് നൈറ്റ്, ലവർ എന്നീ സിനിമകൾക്ക് ശേഷം മണികണ്ഠന്റെ തുടർച്ചയായുള്ള മൂന്നാമത്തെ ഹിറ്റ് സിനിമയാണ് കുടുംബസ്ഥൻ.
Content Highlights: manikandan film kudumbasthan all set for OTT release