
എസ് എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ അക്ഷമയോടെയാണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്. 'എസ്എസ്എംബി 29' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷൻ ചിത്രം ലീക്കായതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
സിനിമയുടേത് എന്ന പേരിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ വാരണാസിയിലേതിന് സമാനമായ ക്ഷേത്രങ്ങളുടെ ഘടനകൾ ഉൾക്കൊള്ളുന്ന ഒരു വലിയ ഷൂട്ടിംഗ് സെറ്റ് ഹൈദരാബാദിൽ നിർമ്മിക്കുന്നതായി കാണാൻ കഴിയും. ചിത്രത്തിനായി കാശി സെറ്റിടാൻ രാജമൗലിക്ക് താൽപ്പര്യമുണ്ടെന്ന് നേരത്തെ ഒരു റിപ്പോർട്ട് വന്നിരുന്നു. ആ സെറ്റാകാം ഇത് എന്നാണ് സൂചന.
SSRMB LEAKED SET PIC
— Kilim Durgarao (@DurgaraoKilim) March 5, 2025
SS Rajamouli is recreating Kashi in Hyderabad. Shoot on this set will begin once Odisha schedule is completed!!#SSMB29 #MaheshBabu #SSRajamouli pic.twitter.com/XTZvfJfBH7
1000-1300 കോടി ബജറ്റിലാകും എസ്എസ്എംബി 29 ഒരുങ്ങുക. സിനിമയുടെ കോ പ്രൊഡ്യൂസറായ തമ്മറെഡ്ഡി ഭരദ്വാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'ഈ സിനിമയുടെ ബജറ്റ് പ്രതീക്ഷിക്കുന്നത് 1000-1300 കോടിയാണ്. ഹോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളുമായി ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ നാഴികക്കല്ലായി ഈ ചിത്രം മാറും,’ തമ്മറെഡ്ഡി ഭരദ്വാജ് പറഞ്ഞു.
സിനിമയിൽ നടൻ പൃഥ്വിരാജും ഭാഗമാകുന്നുണ്ട്. പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരൻ തന്നെയാണ് ഈ സസ്പെൻസ് പൊളിച്ചത്. കഴിഞ്ഞ ദിവസം ലുക്ക് മാറ്റിപിടിച്ചുള്ള പുതിയ ചിത്രം നടൻ പങ്കുവെച്ചിരുന്നു. ഇതിന് താഴെയായി ഫോട്ടോ എഐ ആണെന്ന് ഒരു ആരാധിക കമന്റിടുകയുണ്ടായി. പൃഥ്വിയുടെ ഫോട്ടോ എഐ അല്ലെന്നും രാജമൗലി ചിത്രത്തിനായി പുറപ്പെടുകയാണെന്നുമായിരുന്നു മല്ലിക സുകുമാരന്റെ മറുപടി. ഇതോടെ രാജമൗലി ചിത്രത്തില്‍ തന്നെയാണ് പൃഥ്വി അടുത്തതായി അഭിനയിക്കുന്നത് എന്ന് ഉറപ്പായിരിക്കുകയാണ്.
Content Highlights: Picture showcasing SS Rajamouli's SSMB29 massive set gets leaked