1000 കോടിയിൽ നിന്ന് എണ്ണി തുടങ്ങാം; ഇത്തവണ മോഹൻലാലിനും ശിവരാജ്‌കുമാറിനുമൊപ്പം ഒരു ബോളിവുഡ് താരവും

സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച ചെന്നൈയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

dot image

രജനികാന്ത് ആരാധകര്‍ ആഘോഷമാക്കിയ വിജയമായിരുന്നു 2023 ല്‍ പുറത്തിറങ്ങിയ ജയിലര്‍ സിനിമയുടേത്. ബീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ജയിലര്‍. സിനിമയുടെ രണ്ടാം ഭാഗം നിർമാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.

സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച ചെന്നൈയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 14 ദിവസം നീണ്ടു നിൽക്കുന്ന ആദ്യ ഷെഡ്യൂളിന് ശേഷം ചിത്രീകരണം കേരളത്തിലേക്ക് മാറും. ആദ്യ ഭാഗത്തിൽ കാമിയോ റോളിലെത്തി പ്രേക്ഷകരുടെ കയ്യടി നേടിയ മോഹൻലാലും ശിവരാജ്കുമാറും രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഒപ്പം ബോളിവുഡിൽ നിന്നും ഒരു സൂപ്പർതാരം കൂടി സിനിമയിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. കേരള, തേനി, ഗോവ തുടങ്ങിയവയാണ് സിനിമയുടെ മറ്റു ലൊക്കേഷനുകൾ.

അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ജയിലറിൽ വിനായകൻ, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വി ടി വി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നഡ നടൻ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആർ നിർമൽ ആയിരുന്നു. ജയിലർ സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞാലുടൻ താരം ജയിലർ 2 വിൽ ജോയിൻ ചെയ്യും.

Content highlights: A Bollywood star will join jailer 2 with mohanlal and shivarjkumar

dot image
To advertise here,contact us
dot image