ബോളിവുഡ് തീർത്തും ടോക്‌സിക്കാണ്, ആ ഇൻഡസ്ട്രി ഉപേക്ഷിച്ചു: അനുരാഗ് കശ്യപ്

കഴിഞ്ഞ ഡിസംബറിലും ബോളിവുഡില്‍ നിന്ന് മാറിനില്‍ക്കാനും ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുമുള്ള താത്പര്യം അനുരാഗ് കശ്യപ് പ്രകടിപ്പിച്ചിരുന്നു

dot image

ബോളിവുഡ് സിനിമയും മുംബൈയും താൻ ഉപേക്ഷിച്ചു എന്ന് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. ബോളിവുഡ് തീർത്തും ടോക്‌സിക്കാണ്. അതിനാൽ അവിടെ നിന്ന് അകന്നു നിൽക്കാനാണ് തന്റെ തീരുമാനം. ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് ഇക്കാര്യം പറഞ്ഞത്.

'ഇൻഡസ്ട്രിയിൽ നിന്ന് നിന്ന് അകന്നു നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബോളിവുഡ് വളരെ വിഷലിപ്തമായി മാറിയിരിക്കുന്നു. എല്ലാവരും റിയലിസ്റ്റിക് അല്ലാത്ത ലക്ഷ്യങ്ങൾ പിന്തുടരുകയാണ്, അടുത്ത 500 അല്ലെങ്കിൽ 800 കോടി വിലയുള്ള സിനിമ നിർമ്മിക്കാൻ ശ്രമിക്കുന്നു. ക്രിയേറ്റിവ് ആയ അന്തരീക്ഷം ഇവിടെയില്ല,' എന്ന് അനുരാഗ് കശ്യപ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഡിസംബറിലും ബോളിവുഡില്‍ നിന്ന് മാറിനില്‍ക്കാനും ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുമുള്ള താത്പര്യം അനുരാഗ് കശ്യപ് പ്രകടിപ്പിച്ചിരുന്നു. ഹിന്ദി സിനിമാ മേഖലയിലെ ഇപ്പോഴത്തെ അവസ്ഥയോട് തനിക്ക് വെറുപ്പാണെന്നും ഒരു മാറ്റത്തിനായി ദക്ഷിണേന്ത്യയിലേക്ക് മാറാൻ പദ്ധതിയുണ്ടെന്നുമാണ് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടത്.

നിലവിൽ ഫൂട്ടേജ് എന്ന മലയാളചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പിന്റെ പ്രചാരണത്തിരക്കുകളിലാണ് അനുരാ​ഗ് കശ്യപ്. മഞ്ജു വാര്യർ, വിശാഖ് നായർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫൂട്ടേജ്. ഫൗണ്ട് ഫൂട്ടേജ് എന്ന ഫിലിം ഴോണറിലാണ് ചിത്രമൊരുങ്ങിയത്. എ സർട്ടിഫിക്കറ്റ് ആയിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മാർച്ച് ഏഴിനാണ് ഹിന്ദി പതിപ്പ് തിയേറ്ററുകളിലെത്തുന്നത്.

Content Highlights: Anurag Kashyap confirms he's left toxic Bollywood and Mumbai

dot image
To advertise here,contact us
dot image