
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് പവർ ഫുള്ളായി തിരിച്ചു വരവ് നടത്തിയ നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ തമിഴിലും സജീമായിരിക്കുകയാണ് താരം. സിനിമയിൽ ഒരു സ്ട്രാറ്റജി മുന്നിൽ കണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ആളല്ല താനെന്നും ഒഴുക്കിനൊപ്പം നീങ്ങുകയാണെന്നും മഞ്ജു പറഞ്ഞു. സിനിമയിലേക്ക് തിരിച്ചു വരവിനെക്കുറിച്ച് ആലോചിച്ചിരുന്നില്ലെന്നും സാഹചര്യം ആണ് സിനിമയിൽ വീണ്ടും എത്തിച്ചതെന്നും മഞ്ജു കൂട്ടിച്ചേർത്തു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നപ്പോള്‍ തിരിച്ചു വരാൻ ഒരു പ്ലാനും ഉണ്ടായിരുന്നില്ല. പക്ഷേ പിന്നീട് വീണ്ടും ജോലിയിൽ പ്രവേശിക്കേണ്ട സാഹചര്യം വന്നു. എനിക്ക് ആകെ അറിയുന്ന ജോലി അഭിനയം മാത്രമാണ്. പ്രേക്ഷകരും സിനിമാലോകവും എന്നെ സ്വീകാരിച്ചു. അതിന് എനിക്ക് പ്രേക്ഷകരോട് നന്ദിയുണ്ട്. ഇപ്പോൾ സിനിമയിൽ തുടരുകയാണ്, എത്രനാൾ എന്ന് അറിയില്ല. ഞാൻ ഒരു സ്ട്രാറ്റജി മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന ആളല്ല. ഒഴുക്കിനനുസരിച്ച് പോകാനേ എനിക്കറിയൂ,' മഞ്ജു വാര്യർ പറഞ്ഞു.
2014 ൽ പുറത്തിറങ്ങിയ 'ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. തുടര്‍ന്ന് മലയാളത്തിൽ നിരവധി ശ്രദ്ധേയ വേഷങ്ങൾക്ക് ശേഷം അസുരൻ, തുനിവ്, വിടുതലൈ, വേട്ടയ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലും മഞ്ജു ശ്രദ്ധ നേടി. മഞ്ജുവിന്റേതായി എമ്പുരാനാണ് ഇനി തിയേറ്ററുകളിലേക്ക് എത്താനിരിക്കുന്ന ചിത്രം. പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രമായാണ് മഞ്ജു സിനമയിൽ എത്തുന്നത്. നടി പ്രധാന വേഷത്തിലെത്തിയ ഫൂട്ടേജ് എന്ന മലയാളം സിനിമയുടെ ഹിന്ദി പതിപ്പും പ്രേക്ഷകരിലേക്ക് എത്താനിരിക്കുകയാണ്.
Content Highlights: Manju Warrier about her return to cinema