'നയൻ‌താര മാത്രമല്ല കുട്ടികളും വ്രതത്തിലാണ്'; മൂക്കുത്തി അമ്മനാകാനുള്ള ഒരുക്കത്തെക്കുറിച്ച് നിർമാതാവ്

നയൻ‌താര ഒരു മാസത്തെ വ്രതതത്തിലാണെന്നാണ് നിർമാതാവ് പറയുന്നത്

dot image

തെന്നിന്ത്യൻ നായിക നയൻതാര പ്രധാന വേഷത്തിലെത്തി ശ്രദ്ധ നേടിയ ചിത്രമാണ് മൂക്കുത്തി അമ്മൻ. സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്ത് വിജയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു. ഈ സിനിമയുടെ പൂജ ചടങ്ങുകൾ പൂർത്തിയായിരിക്കുകയാണ് ഇപ്പോൾ. ഈ ചടങ്ങിൽ നിർമാതാവ് ഇഷാരി കെ ഗണേഷ് നയൻതാരയെക്കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്.

മൂക്കുത്തി അമ്മൻ രണ്ടാം ഭാഗത്തിനായി നയൻ‌താര ഒരു മാസത്തെ വ്രതത്തിലാണെന്നാണ് നിർമാതാവ് പറയുന്നത്. നടി മാത്രമല്ല നടിയുടെ കുട്ടികൾ പോലും വ്രതത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സിനിമയുടെ പൂജ വലിയ രീതിയിൽ തന്നെ ചെയ്തു. സിനിമ ഇതിലും വലിയ രീതിയിലാകും ഒരുക്കുക. റിലീസ് അതിലും വലുതായി, പാൻ ഇന്ത്യൻ റീലീസായാകും എത്തുക എന്നും നിർമാതാവ് വ്യക്തമാക്കി.

സൂപ്പർഹിറ്റ് സംവിധായകൻ സുന്ദർ സി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂക്കുത്തി അമ്മൻ 2 ന് പുറമെ വടിവേലു പ്രധാന കഥാപാത്രമാകുന്ന സിനിമയും കളകളപ്പ് 3യും സുന്ദർ സിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അരൺമനൈ 3 എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്.

2020-ൽ ആർ ജെ ബാലാജി, എൻ ജെ ശരവണൻ എന്നിവർ സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. ജീവിതം മുൻപോട്ട് പോകാൻ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നിൽ മൂക്കുത്തി അമ്മൻ എന്ന അയാളുടെ കുല ദൈവം പ്രത്യക്ഷപ്പെടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് മൂക്കുത്തി അമ്മൻ പറഞ്ഞത്. ഇതിന്റെ രണ്ടാം ഭാഗമായാണ് മൂക്കുത്തി അമ്മൻ 2 എത്തുന്നത്.

Content Highlights: Producer says that Nayanthara begins fasting for Mookuthi Amman 2

dot image
To advertise here,contact us
dot image