സൂര്യയുടെ വമ്പൻ പടത്തിനോട് മുട്ടാൻ ഒരുങ്ങി 'സാധാരണക്കാരൻ മോഹൻലാൽ'?

ബോക്സ് ഓഫീസിൽ ഒരു മോഹൻലാൽ-സൂര്യ ക്ലാഷ് ഉണ്ടാകുമെന്നാണ് സൂചന

dot image

മോഹൻലാൽ, ശോഭന എന്നിവർ പ്രധാന വേഷങ്ങളിലായെത്തുന്ന പുതിയ ചിത്രമാണ് തുടരും. ഏറെ നാളുകൾക്ക് ശേഷം മോഹൻലാലിന്റെ റിയലിസ്റ്റിക് കഥാപാത്രത്തെ സിനിമയിൽ കാണാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകർ. അതിനാൽ തന്നെ സിനിമയുടെ റിലീസിനായി ഏവരും വലിയ കാത്തിരിപ്പിലുമാണ്. ഇപ്പോഴിതാ തുടരും സൂര്യയുടെ റെട്രോ എന്ന സിനിമയുമായി ക്ലാഷ് റിലീസ് ചെയ്തേക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

മെയ് രണ്ടിനായിരിക്കും തുടരും തിയേറ്ററുകളിലെത്തുക എന്നാണ് പുതിയ റിപ്പോർട്ട്. സൂര്യ-കാർത്തിക് സുബ്ബരാജ് ചിത്രം മെയ് ഒന്നിനാണ് എത്തുക. ഇതോടെ ബോക്സ് ഓഫീസിൽ ഒരു മോഹൻലാൽ-സൂര്യ ക്ലാഷ് ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ ഇതിൽ ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല.

മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിലെ നടന്റെ കഥാപാത്രത്തെ കണ്ടപ്പോൾ ഭ്രമരത്തിലെ മോഹൻലാലിനെ ഓർമ്മ വന്നു എന്നാണ് ഛായാഗ്രഹകൻ ഫായിസ് സിദ്ദിഖ് ഈ അടുത്ത് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.

'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.

Content Highlights: Thudarum release date plans spark speculations about clash with Retro

dot image
To advertise here,contact us
dot image