
മലയാളത്തിന്റെ സ്വന്തം മോഹൻലാൽ മുണ്ടും ധരിച്ച് വരുമ്പോൾ അത് മലയാളികൾക്ക് ഏറെ ആവേശം നൽകുന്ന കാര്യമാണ്. ആ ആവേശം ഉടനീളം നിറഞ്ഞുനിന്ന ചിത്രമായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. അതിനാൽ തന്നെ സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാൻ തിയേറ്ററുകളിലേക്ക് എത്തുമ്പോൾ എല്ലാവരും കാത്തിരിക്കുന്നത് ചിത്രത്തിൽ മുണ്ടുടുത്ത് മോഹൻലാൽ വരുമോ എന്നതിനാണ്. ഇപ്പോൾ സിനിമയുടെ വിശേഷങ്ങൾ റിപ്പോർട്ടറിനോട് പങ്കുവെക്കുകയാണ് കോസ്റ്റ്യൂം ഡിസൈനർ സുജിത്ത് സുധാകരൻ.
ലൂസിഫർ എന്ന സിനിമയിൽ ഉടനീളം വെള്ള ഷർട്ടും മുണ്ടും ധരിച്ചുള്ള മോഹൻലാലിന്റെ വരവിന് വലിയ കയ്യടി ലഭിച്ചിരുന്നു. എന്നാൽ ആ കോസ്റ്റ്യൂമിനായി തങ്ങൾക്ക് വലിയ പ്രയത്നം വേണ്ടി വന്നില്ല എന്നാണ് സുജിത്ത് സുധാകരൻ പറയുന്നത്. 'ചില കാര്യങ്ങളിൽ നമുക്ക് എഫർട്ട് ആവശ്യമില്ല. ചില നടന്മാരുടെ കൂടെ വരുന്ന ചില കാര്യങ്ങളുണ്ട്. ഇപ്പോൾ മോഹൻലാൽ സാർ വെള്ള ഷർട്ടും മുണ്ടും ധരിക്കുമ്പോൾ നമുക്ക് വലിയ എഫർട്ട് എടുക്കേണ്ട കാര്യമില്ല. നമ്മൾ നല്ല ഫാബ്രിക്കും നല്ല സ്റ്റിച്ചിങ്ങും നൽകിയാൽ മതി. ബാക്കിയൊക്കെ അദ്ദേഹത്തിന്റെ കൂടെ വന്നോളും. നമ്മൾ അധികം വർക്ക് ചെയ്തില്ലെങ്കിലും കയ്യടി കിട്ടും,' എന്ന് അദ്ദേഹം പറഞ്ഞു.
'എമ്പുരാനിലേക്ക് വന്നാൽ കുറെ നാളത്തെ ഷൂട്ടിന് ശേഷമാണ് നമ്മൾ ലാൽ സാറിനെക്കൊണ്ട് വെള്ള ഷർട്ടിലേക്കും മുണ്ടിലേക്കും കൊണ്ടുവരുന്നത്. അത് എല്ലാവർക്കും ഭയങ്കര രസം തോന്നിയ നിമിഷമാണ്. പൃഥ്വിരാജ് ചോദിച്ചത് എന്തെങ്കിലും സ്പെഷ്യൽ മെറ്റീരിയൽ ഉണ്ടോ എന്നാണ്. എന്നാൽ ഒന്നുമില്ല. അവർക്ക് തോന്നുന്ന ആ ഒരു ഇഷ്ടം ഉണ്ടല്ലോ, അത് മോഹൻലാൽ സാറിനൊപ്പം വരുന്നതാണ്,' എന്നും സുജിത്ത് സുധാകരൻ അഭിപ്രായപ്പെട്ടു. 'എമ്പുരാനിൽ അദ്ദേഹം മുണ്ട് മടക്കി കുത്തിയുള്ള ഇടി പ്രതീക്ഷിക്കാമോ?' എന്ന ചോദ്യത്തിന് 'അത് ഇപ്പോൾ പറയാനാകില്ല. എന്നാൽ അദ്ദേഹം എമ്പുരാനിൽ മുണ്ടുടുക്കുന്ന സീൻ ഉണ്ടാകും' എന്നാണ് സുജിത്തിന്റെ മറുപടി.
Content Highlights: Costume Designer Sujith Sudhakaran talks about Mohanlal costume in Empuraan