തിയേറ്ററിൽ വിജയമായില്ലെങ്കിലും ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് ഒടിടിയിൽ നല്ല തുക കിട്ടി: വേണു കുന്നപ്പിള്ളി

'ചില ആര്‍ടിസ്റ്റുകളുടെ രാഷ്ട്രീയം, പിന്നെ സിനിമയുടെ മൊത്തം രാഷ്ട്രീയം ഇതൊക്കെ സിനിമയെ ബാധിച്ചിട്ടുണ്ട്.'

dot image

ടിനു പാപ്പച്ചൻ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനായ ചിത്രമാണ് ചാവേര്‍. സിനിമ തിയേറ്ററിൽ വർക്കായില്ലെങ്കിലും നഷ്ടം ഉണ്ടായില്ലെന്ന് പറയുകയാണ് സിനിമയുടെ നിർമാതാവ് കൂടിയായ വേണു കുന്നപ്പിള്ളി. ആദ്യത്തെ രണ്ട് ഷോയില്‍ ആള്‍ക്കാര്‍ കൈവിട്ടു കഴിഞ്ഞാല്‍ സിനിമ ഓടില്ലെന്നും പിന്നീട് എത്ര പ്രമോഷന് ശ്രമിച്ചാലും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ചാവേർ സിനിമയ്ക്ക് ഒടിടിയിൽ നല്ല ബിസിനസ് ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ചാവേര്‍ തിയേറ്ററില്‍ ഭയങ്കരമായി വര്‍ക്കാകാതിരുന്ന സിനിമയാണ്. പക്ഷേ നമുക്ക് അങ്ങനെ നഷ്ടമൊന്നും വന്നില്ല. അത്യാവശ്യം ലാഭം കിട്ടിയ സിനിമയാണ്. അന്ന് ഒ ടി ടിയില്‍ നല്ല ബിസിനസ് ഉണ്ടായിരുന്നു. 2018 ഉം മാളികപ്പുറവും ഹിറ്റായതുകൊണ്ട് അതേ ടീം തന്നെ ചാവേര്‍ നേരത്തെ വാങ്ങിയിട്ടുണ്ടായിരുന്നു. സിനിമയിലെ ചില ആര്‍ടിസ്റ്റുകളുടെ രാഷ്ട്രീയം, പിന്നെ സിനിമയുടെ മൊത്തം രാഷ്ട്രീയം ഇതൊക്കെ സിനിമയെ ബാധിച്ചിട്ടുണ്ട്. ആദ്യ ഷോ മുതല്‍ തന്നെ മോശം സിനിമയാണെന്നൊരു അഭിപ്രായം വന്നു. ഒരു കഥയുമില്ലെന്നൊക്കെ പറഞ്ഞ് ഭയങ്കരമായി ആളുകള്‍ നെഗറ്റീവ് പറഞ്ഞിരുന്നു.

ഇവിടെ ആദ്യത്തെ രണ്ട് ഷോയില്‍ ആള്‍ക്കാര്‍ കൈവിട്ടു കഴിഞ്ഞാല്‍ സിനിമയുടെ കഥ കഴിഞ്ഞു. പിന്നെ അതിനെ എത്ര പൊക്കിക്കൊണ്ടുവരാന്‍ നോക്കിയാലും നടക്കില്ല. അതാണ് മലയാള സിനിമയുടെ സ്വഭാവം. ഡീഗ്രേഡിങ് എന്ന് പറയാന്‍ പറ്റില്ല. ആളുകള്‍ ഉദ്ദേശിച്ച രീതിയില്‍ സിനിമ വന്നില്ല. എന്നെ സംബന്ധിച്ച് അത് നല്ല സിനിമയാണ്.നിങ്ങള്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ച സിനിമയാണ് എന്നൊക്കെ ചിലര്‍ പറഞ്ഞിരുന്നു. നല്ല ബഡ്ജറ്റില്‍ ചെയ്ത സിനിമയായിരുന്നു. പക്ഷേ ആള്‍ക്കാരുടെ പ്രതീക്ഷയ്‌ക്കൊത്ത് സിനിമ വന്നില്ല.

ആളുകള്‍ക്ക് തീയേറ്ററിൽ കയറാന്‍ ഒരു ചാന്‍സ് കൊടുത്തില്ല. അതിന് മുന്‍പ് തന്നെ അതിനെ വലിച്ച് താഴേക്കിട്ടു. രാഷ്ട്രീയത്തിന് എതിരാണ്. അവരെയാണ് ടാര്‍ഗറ്റ് ചെയ്യുന്നത് എന്നതൊക്കെ വന്നതുകൊണ്ടായിരിക്കാം. പിന്നെ ഓരോ സിനിമകള്‍ക്കും ഓരോ വിധിയുണ്ട്. ആഴ്ചയില്‍ പത്ത് സിനിമകള്‍ ഇറങ്ങുമ്പോള്‍ അതിനൊക്കെ ഓരോ വിധിയുണ്ട്. അതുകൊണ്ടാണല്ലോ വരുന്ന പോലെ തന്നെ പോകുന്നത്. വിജയിക്കില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ വരുന്നവരുണ്ട്. പക്ഷേ ചാവേര്‍ അങ്ങനെ ഒരു സിനിമ ആയിരുന്നില്ല,’ വേണു കുന്നപ്പിള്ളി പറഞ്ഞു.

ടിനു പാപ്പച്ചൻ്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുങ്ങിയ ചിത്രമാണ് ചാവേര്‍. ജോയ് മാത്യു ആണ് ചിത്രത്തിന്റെ തിരക്കഥ. കണ്ണൂരിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയം, സൗഹൃദം, പക എന്നിവയെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം മനോജ് കെ യു, അര്ജുന് അശോകന്, സംഗീത, സജിൻ ഗോപു, അനുരൂപ് എന്നിങ്ങനെ നിരവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്.

Content Highlights: Producer Venu Kunnappilly says the OTT business of the movie Chavere is good

dot image
To advertise here,contact us
dot image