ആദ്യ പടത്തിന് നിർമാതാക്കളെ കിട്ടിയില്ല, ഇന്ന് രണ്ടാം ഭാഗത്തിന് ലഭിക്കുന്നത് 100 കോടി; 'തുമ്പാട് 2' ഉടനെത്തും

15 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം 2018 ൽ ആദ്യമായി റിലീസ് ചെയ്തപ്പോൾ 12 കോടിയായിരുന്നു നേടിയത്

dot image

ഇന്ത്യൻ സിനിമാപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച സിനിമയായിരുന്നു തുമ്പാട്. ഒരു ഹൊറർ മിത്തോളജിക്കൽ ഫാന്റസി സിനിമയി എത്തിയ ചിത്രത്തിന് തിയേറ്ററിൽ വിജയിക്കാനായില്ലെങ്കിലും ഡിജിറ്റൽ റിലീസിന് ശേഷം വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. തുടർന്ന് ചിത്രം ഒരു കൾട്ട് ക്ലാസിക് ആയി മാറുകയും ചെയ്തിരുന്നു. റീ റിലീസിനെത്തിയപ്പോൾ വലിയ സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.

ബോളിവുഡിലെ ഒരു പ്രമുഖ നിർമാണ കമ്പനി തുമ്പാടിന്റെ രണ്ടാം ഭാഗം നിർമിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും ചിത്രത്തിനായി 100 കോടി അനുവദിച്ചിരിക്കുന്നെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം അവസാനത്തോടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റ് ആയ ഹിമേഷ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാം ഭാഗത്തിന്റെ കഥ ലോക്ക് ചെയ്യുകയും പ്രീ പ്രൊഡക്ഷൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 15 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം 2018 ൽ ആദ്യമായി റിലീസ് ചെയ്തപ്പോൾ 12 കോടിയായിരുന്നു നേടിയത്. ചിത്രത്തിന്റെ ഒടിടി റിലീസിന് ശേഷം നിരവധി പ്രേക്ഷകരാണ് സിനിമയുടെ സംവിധാന മികവിനെയും കഥപറച്ചിലിനെയും പുകഴ്ത്തിയത്.

ചിത്രം റീ റിലീസ് ചെയ്തപ്പോൾ 38 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും വാരികൂട്ടിയത്. രാഹി അനില്‍ ബാര്‍വെ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. മിതേഷ് ഷാ, ആദേശ് പ്രസാദ്, രാഹി അനിൽ ബാർവെ, ആനന്ദ് ഗന്ധ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സോഹം ഷാ, ആനന്ദ് എൽ. റായ്, ആനന്ദ് ഗാന്ധി, മുകേഷ് ഷാ, അമിത ഷാ എന്നിവരായിരുന്നു 'തുമ്പാട്' നിർമിച്ചത്. നേരത്തെ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.

Content Highlights: Tumbbad 2 in works according to reports

dot image
To advertise here,contact us
dot image