
രേഖാചിത്രത്തിലെ മമ്മൂട്ടിച്ചേട്ടന്റെ രംഗങ്ങള്‍ ഇന്ന് സിനിമാപ്രേമികളുടെ കയ്യടികള്‍ വാരിക്കൂട്ടുകയാണ്. പല വമ്പന്‍ ബജറ്റ് ചിത്രങ്ങള്‍ക്കും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്ന എഐ സാങ്കേതികവിദ്യയെ അതിഗംഭീരമായി സ്‌ക്രീനിലെത്തിക്കാന്‍ രേഖാചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ജോഫിന്‍ ടി ചാക്കോയുടെ സംവിധാനമികവിനും അണിയറപ്രവര്‍ത്തകരുടെ സാങ്കേതികതികവിനും ഒപ്പം മറ്റൊരാള്‍കൂടി ഈ അഭിനന്ദനത്തിന് അര്‍ഹനാണ്, മമ്മൂട്ടിയുടെ ബോഡി ഡബിളായി ചിത്രത്തില്‍ വേഷമിട്ട് ട്വിങ്കിള്‍ സൂര്യ. പെരുമ്പാവൂര്‍ സ്വദേശിയായ ട്വിങ്കിള്‍ ഇന്‍സ്റ്റഗ്രാം ലോകത്തിന് പരിചിതനാണ്. മമ്മൂട്ടിയോടുള്ള രൂപസാദൃശ്യത്തെ തുടര്‍ന്ന് നേരത്തെ തന്നെ ശ്രദ്ധ നേടിയ ട്വിങ്കിള്‍, മമ്മൂട്ടിയുടെ ഗാനങ്ങളും ഡയലോഗുകളും അനുകരിച്ച് വീഡിയോസ് ചെയ്യാറുണ്ടായിരുന്നു.
രേഖാചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ സ്റ്റേജില്‍ ഈ വീഡിയോസ് ഒരു സുഹൃത്ത് വഴി ജോഫിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അങ്ങനെ രേഖാചിത്രത്തിലേക്ക് എത്തിച്ചേര്‍ന്ന ട്വിങ്കിള്‍ മമ്മൂട്ടിയെ സ്‌ക്രീനിലെത്തിക്കാന്‍ ഏറെ തയ്യാറെടുപ്പുകള്‍ നടത്തി. മുഖത്ത് മാത്രമേ സാങ്കേതികവിദ്യയുടെ സഹായം ഉണ്ടാവുകയുള്ളു എന്നതുകൊണ്ട് തന്നെ ശരീരം കൊണ്ട് കാണികളെ മമ്മൂട്ടിയാണെന്ന് വിശ്വസിപ്പിക്കേണ്ട ഉത്തരവാദിത്തം ട്വിങ്കിളിനായിരുന്നു.
ഇതിനായി 90 കിലോയോളം ഉണ്ടായിരുന്ന ശരീരഭാരം 80 കിലോയിലേക്ക് എത്തിച്ചു. ഒരു മാസത്തിനുള്ളില്‍ കഠിനമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണം നടത്തിയുമായിരുന്നു ഇത് സാധിച്ചെടുത്തത്. മമ്മൂട്ടിയുടെ ശരീരഭാഷയും ആംഗ്യങ്ങളും ഏറെ ശ്രമപ്പെട്ട് തന്നെയാണ് പരിശീലിച്ചെടുത്തത് എന്നും ട്വിങ്കിള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'സുഹൃത്താണ് ജോഫിന്‍ ടി ചാക്കോയ്ക്ക് പരിചയപ്പെടുത്തുന്നത്. ദേഹം മമ്മൂട്ടിയുടേത് പോലെയാക്കാനായി കുറെ കഷ്ടപ്പെട്ടു. ആംഗ്യങ്ങളും നടത്തവും ശരീരചലനങ്ങളും അദ്ദേഹത്തിന്റേതു പോലെയാക്കാനും കുറെ അധ്വാനിച്ചു. ഈ പരിശീലനത്തിനായും സിനിമാടീം ഒരാളെ നിര്‍ത്തിയിരുന്നു. ഞാന്‍ ഒരു ചെറിയ കലാകാരനാണ്. മമ്മൂക്കയെ അവതരിപ്പിക്കാനായതിലും അതിന് ഇത്രയും അഭിനന്ദനങ്ങള്‍ ലഭിക്കുന്നതിലും ഒരുപാട് സന്തോഷമുണ്ട്,' ട്വിങ്കിള്‍ പറയുന്നു.
രേഖാചിത്രത്തില്‍ സുപ്രധാനമായ നിമിഷത്തിലാണ് മമ്മൂട്ടിയെ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനരവതരിപ്പിച്ചിരിക്കുന്നത്. കാതോട് കാതോരം എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ ആ സിനിമയില്‍ അഭിനയിക്കാനായി മമ്മൂട്ടി എത്തുന്നതും ഷൂട്ടിങ്ങ് സീനുകളുമാണ്
ചിത്രത്തിലുള്ളത്. ഈ രംഗങ്ങള്‍ക്ക് തിയേറ്ററിലും വലിയ കയ്യടി ലഭിച്ചിരുന്നു.
അനശ്വര രാജനും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തിയ രേഖാചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 75 കോടിയാണ് സ്വന്തമാക്കിയത്. ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കലായിരുന്നു തിരക്കഥ രചിച്ചത്. കാവ്യ ഫിലിംസ് കമ്പനി നിര്‍മിച്ച ചിത്രം സോണിലിവിലൂടെയാണ് സ്ട്രീം ചെയ്യുന്നത്.
Content Highlights: Twinkle Surya who played as Mammootty's body double in Rekhachithram