റിലീസിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി, ഉണരൂ എമ്പുരാനേ ഉണരൂ; അപ്‌ഡേറ്റിനായി മുറവിളി കൂട്ടി ആരാധകർ

രാജമൗലി ചിത്രത്തിൽ ജോയിൻ ചെയ്തപ്പോൾ പൃഥ്വിരാജ് എമ്പുരാനെ മറന്നോ എന്നാണ് ആരാധകർ തമാശരൂപേണ ചോദിക്കുന്നത്

dot image

മലയാളികൾ മാത്രമല്ല, ലോകമെമ്പാടും ഉറ്റുനോക്കുന്ന റിലീസാണ് എമ്പുരാൻ സിനിമയുടേത്. മോഹൻലാൽ-പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായി തുടരുകയാണ്. ചിത്രത്തിന്റേതായി ഒരു ടീസറും കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള ക്യാരക്റ്റർ പോസ്റ്ററും വന്നിരുന്നു. എന്നാൽ അതെല്ലാം പുറത്തിറങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും ചിത്രത്തിന്റേതായി മറ്റൊരു അപ്‌ഡേറ്റും വരാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് ഒരു വിഭാഗം ആരാധകർ.

റിലീസിന് 19 ദിവസം മാത്രം ബാക്കി നിൽക്കെ എമ്പുരാൻ ടീം എന്തുകൊണ്ടാണ് പ്രൊമോഷൻ ചെയ്യാത്തതെന്നാണ് ആരാധകർ ചോദിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി എമ്പുരാൻ പുറത്തിറങ്ങാനിരിക്കെ ഇനിയെങ്കിലും പ്രൊമോഷൻ തുടങ്ങിയാൽ മാത്രമേ ചിത്രത്തിന് വലിയ തുടക്കം ലഭിക്കൂ എന്നും കമന്റുകളുണ്ട്. രാജമൗലി ചിത്രത്തിൽ ജോയിൻ ചെയ്തപ്പോൾ പൃഥ്വിരാജ് എമ്പുരാനെ മറന്നോ എന്നാണ് ആരാധകർ തമാശരൂപേണ ചോദിക്കുന്നത്.

അതേസമയം, പൃഥ്വിരാജിനെ പിന്തുണച്ചും ആരാധകർ രംഗത്തെത്തി. റിലീസുകൾക്ക് മാസങ്ങൾക്ക് മുൻപേ അദ്ദേഹം പ്രൊമോഷൻ ആരംഭിച്ചെന്നും മറ്റൊരു മലയാള സിനിമയ്ക്കും കാണാത്ത തരത്തിലാണ് പൃഥ്വി എമ്പുരാന് വേണ്ടി പ്രയത്നിക്കുന്നതെന്നും അവർ പറയുന്നു. വരും ദിവസങ്ങളിൽ സിനിമയുടേതായി കൂടുതൽ കണ്ടൻറ്റുകൾ വരുമെന്നും സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നുണ്ട്.

സിനിമയുടെ ട്രെയ്‌ലറിന്റെ സെൻസറിങ് പൂർത്തിയായി എന്ന റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മൂന്ന് മിനിറ്റ് 51 സെക്കന്റ് ആണ് ട്രെയ്‌ലറിന്റെ ദൈർഘ്യം. നേരത്തെ സിനിമയുടെ സെൻസറിങ് പൂർത്തിയായെന്ന റിപ്പോർട്ടുകളും എത്തിയിരുന്നു. മൂന്ന് മണിക്കൂർ റൺ ടൈം ഉള്ള സിനിമയ്ക്ക് യു എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡിൽ നിന്നും ലഭിച്ചിരിക്കുന്നത്.

2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights: fans frustated over no promotion from team Empuraan

dot image
To advertise here,contact us
dot image