വില്ലനും ഹീറോയും പരാശക്തിക്ക് മുന്നേ എത്തും; ഒരേ ദിവസം റീ റിലീസിന് ഒരുങ്ങി ശിവകാർത്തികേയൻ,രവി മോഹൻ സിനിമകൾ

വളരെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമകളായതുകൊണ്ട് തന്നെ ഇരു ചിത്രങ്ങൾക്കും റീ റിലീസിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകും എന്നാണ് പ്രതീക്ഷ

dot image

തമിഴിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. നിരവധി സൂപ്പർഹിറ്റ് സിനിമകളാണ് വീണ്ടും ബിഗ് സ്‌ക്രീനിലെത്തി കളക്ഷനിൽ കോടികൾ കൊയ്യുന്നത്. വിജയ്‌യുടെ എക്കാലത്തെയും വലിയ വിജയ ചിത്രമായ ഗില്ലി 25 കോടിയോളമായിരുന്നു റീ റിലീസിൽ സ്വന്തമാക്കിയത്. ഇപ്പോഴിതാ തമിഴിലെ രണ്ടു സൂപ്പർതാരങ്ങളുടെ സിനിമകളാണ് ഒരേ ദിവസം റീ റിലീസിനെത്തുന്നത്.

ശിവകാർത്തികേയൻ നായകനായി എത്തിയ രജിനിമുരുഗൻ രവി മോഹൻ ചിത്രമായ എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്നീ സിനിമകളാണ് മാർച്ച് 14 ന് തിയേറ്ററിലെത്തുന്നത്. ഇരുചിത്രങ്ങളുടെയും അണിയറപ്രവർത്തകർ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വളരെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമകളായതുകൊണ്ട് തന്നെ ഇരു ചിത്രങ്ങൾക്കും റീ റിലീസിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകും എന്നാണ് പ്രതീക്ഷ. പൊൻറം സംവിധാനം ചെയ്ത രജിനിമുരുഗൻ ശിവകാർത്തികേയന്റെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നാണ്. ബോക്സ് ഓഫീസിൽ നിന്ന് 51 കോടിയാണ് ചിത്രമാണ് നേടിയത്. കീർത്തി സുരേഷ്, സൂരി, രാജ്‌കിരൺ, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്.

മലയാളികൾ ഉൾപ്പടെ ഏറെ ആഘോഷിച്ച തമിഴ് ചിത്രമാണ് എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി. മോഹൻ രാജ സംവിധാനം ചെയ്ത ചിത്രത്തിൽ നദിയ മൊയ്തു, പ്രകാശ് രാജ്, അസിൻ, വിവേക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും വലിയ ഹിറ്റാണ്. അതേസമയം ശിവകാർത്തികേയനും രവി മോഹനും ഒരുമിച്ചഭിനയിക്കുന്ന ചിത്രമായ പരാശക്തിയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് രവി മോഹൻ എത്തുന്നത്. ടീസറിലെ രവി മോഹന്റെ ലുക്ക് ചർച്ചയാകുന്നുണ്ട്. സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Content Highlights:Sivakarthikeyan and Ravi Mohan film to re release on same date

dot image
To advertise here,contact us
dot image