അന്ന് ജൂനിയർ ആർടിസ്റ്റല്ല, 'ചന്ദ്രനുദിക്കുന്ന ദിക്കി'ലെ സീനിൽ അവിചാരിതമായി എത്തിയതാണ്: ദിലീഷ് പോത്തന്‍

'അവസാനം വരെ ഇരുന്ന് കണ്ടിട്ടും എന്റെ സീന്‍ വന്നില്ല. എടുത്തുകളഞ്ഞെന്ന് വിചാരിച്ചു'

dot image

സംവിധാനത്തിന് പുറമെ അഭിനയത്തിലും മിടുക്ക് തെളിയിച്ച വ്യക്തിയാണ് ദിലീഷ് പോത്തൻ. ആഷിക് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെയാണ് ദിലീഷ് പോത്തന്‍ അഭിനയത്തിലേക്ക് അരങ്ങേറിയത്. എന്നാല്‍ ഇതിന് മുന്നേ 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന സിനിമയിൽ ചെറിയൊരു ഷോട്ടില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു.

സിനിമയുടെ ഷൂട്ടിംഗ് കാണാൻ എത്തിയ തന്നെ ആൾക്കൂട്ടത്തിനിടയിൽ പിടിച്ച് ഇരുത്തിയതാണെന്നും അന്ന് താൻ ജൂനിയർ ആർട്ടിസ്റ്റായിരുന്നില്ലെന്നും പറയുകയാണ് ദിലീഷ് പോത്തന്‍. സിനിമ റിലീസായപ്പോള്‍ പോയി കണ്ടെന്നും എന്നാല്‍ താന്‍ എത്താന്‍ കുറച്ച് വൈകിയെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. സിനിമയുടെ തുടക്കത്തില്‍ തന്നെയുള്ള സീനായിരുന്നു തന്റേതെന്നും എന്നാല്‍ അക്കാര്യം തനിക്ക് അറിയില്ലായിരുന്നെന്നും ദിലീഷ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ചന്ദ്രനുദിക്കുന്ന ദിക്കിലെ സീന്‍ പല സമയത്തായി ആളുകള്‍ കുത്തിപ്പൊക്കും. അന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോയതല്ല. മൈസൂരില്‍ പഠിക്കാന്‍ പോയ സമയത്താണ് ആ പടത്തിന്റെ ഷൂട്ട് നടന്നത്. ഷൂട്ടിങ്ങൊക്കെ കാണാമല്ലോ എന്ന ചിന്തയില്‍ പോയതാണ്. ‘വൈകുന്നേരം വരെ നില്‍ക്കാമോ’ എന്ന് അവര്‍ ചോദിച്ചു. നില്‍ക്കാമെന്ന് ഞാന്‍ പറഞ്ഞു.

തിയേറ്ററില്‍ ഇരിക്കുന്ന ആളുകളുടെ കൂട്ടത്തില്‍ എന്നെയും ഇരുത്തി. അവര്‍ക്ക് ഈസിയായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുന്നതുകൊണ്ടാണ് എന്നെ തെരഞ്ഞെടുത്തത്. സിനിമ റിലീസായപ്പോള്‍ പോയി കണ്ടു. പക്ഷേ, തിയേറ്ററിലെത്താന്‍ കുറച്ച് ലേറ്റായി. ഈ സീന്‍ പടത്തിന്റെ തുടക്കത്തിലായിരുന്നു. അവസാനം വരെ ഇരുന്ന് കണ്ടിട്ടും എന്റെ സീന്‍ വന്നില്ല. എടുത്തുകളഞ്ഞെന്ന് വിചാരിച്ചു. പിന്നീട് ഒന്നുകൂടെ കണ്ടപ്പോഴാണ് എന്റെ സീന്‍ കാണാന്‍ പറ്റിയത്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

Content Highlights: Dileesh Pothan talks about his acting in the movie Chandranudikkunna Dikkil

dot image
To advertise here,contact us
dot image