
സൽമാൻ ഖാനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. ഈ അടുത്ത് റിലീസ് ചെയ്ത സിനിമയുടെ ടീസർ ഏറെ ചർച്ചയായിരുന്നു. ഈ ടീസർ റിലീസായതിന് പിന്നാലെ സിക്കന്ദർ വിജയ് ചിത്രമായ സർക്കാരിന്റെ റീമേക്ക് ആണോയെന്ന സംശയം ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ആ സംശയങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് എ ആര്‍ മുരുഗദോസ്.
സിക്കന്ദർ ഒരു സിനിമയുടെ റീമേക്കല്ല. ഇത് പൂർണ്ണമായും ഒറിജിനൽ കഥയാണ്. സിക്കന്ദറിന്റെ ഓരോ രംഗവും ഓരോ ഫ്രെയിമും പുതുമയാർന്ന നിലയിലാണ് ഒരുക്കിയിരിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം സിനിമയുടെ നിർമാണ ചെലവിന്റെ ഒട്ടുമുക്കാലും നിർമാതാവിന് തിരികെ ലഭിച്ചെന്നാണ് റിപ്പോർട്ട്. സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്. 85 കോടിയാണ് നെറ്റ്ഫ്ലിക്സുമായുള്ള കരാറിലൂടെ ലഭിക്കുക. എന്നാൽ സിനിമ വൻവിജയമാവുകയും ബോക്സ് ഓഫീസിൽ നിന്ന് 350 കോടിയിലധികം നേടുകയും ചെയ്യുന്നപക്ഷം ഇത് 100 കോടി വരെ പോകാം എന്നും റിപ്പോർട്ടുകളുണ്ട്.
സിനിമയുടെ സാറ്റലൈറ്റ് അവകാശം സീയ്ക്കാണ്. 50 കോടി രൂപയ്ക്കാണ് സീ സിക്കന്ദറിന്റെ ടിവി റൈറ്റ്സ് നേടിയിരിക്കുന്നത്. സീ മ്യൂസിക് കമ്പനി 30 കോടിക്കാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഇങ്ങനെ നിർമാണ ചെലവിന്റെ ഒട്ടുമുക്കാലും സിനിമ ഇതിനകം തിരിച്ചുപിടിച്ചു എന്നാണ് റിപ്പോർട്ട്.
മാർച്ച് 28 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. സൽമാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Content Highlights: Director AR Murugadoss talks on Salman Khan’s Sikandar remake of Vijay’s Sarkar