
സിനിമാമേഖലയില്‍ ചരിത്രപരമായ ചുവടുവെയ്പ്പുമായി നടി സാമന്തയുടെ നിര്‍മാണകമ്പനി. ലിംഗഭേദമില്ലാതെ തുല്യമായ പ്രതിഫലം അഭിനേതാക്കള്‍ക്കും അണിയപ്രവര്‍ത്തകര്‍ക്കും നല്‍കാനുള്ള സാമന്തയുടെ തീരുമാനം വലിയ അഭിനന്ദനങ്ങളാണ് ഏറ്റുവാങ്ങുന്നത്.
2023ല്‍ സാമന്ത ആരംഭിച്ച ട്രലാല മൂവിങ് പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധായിക
നന്ദിനി റെഡ്ഡിയാണ് ഇക്കാര്യം പങ്കുവെച്ചത്. ബെംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 'വുമണ്‍ ഇന്‍ സിനിമ' എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് നന്ദിനി ഇക്കാര്യം പറഞ്ഞത്.
പ്രതിഫലവുമായി ബന്ധപ്പെട്ട് സിനിമയില്‍ നിലനില്‍ക്കുന്ന ജെന്‍ഡര്‍ ഗ്യാപ്പിനെ കുറിച്ച് സംസാരിക്കവേയാണ് സാമന്തയുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രചോദനാത്മകമായ നീക്കത്തെ കുറിച്ച് നന്ദിനി സംസാരിച്ചത്. നിര്‍മിക്കുന്ന ചിത്രങ്ങളില്‍ തുല്യ വേതനം നടപ്പിലാക്കിയ ആദ്യ ഇന്ത്യന്‍ അഭിനേത്രിയായിരിക്കാം സാമന്ത എന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ട്രലാല മൂവിങ് പിക്‌ച്ചേഴ്‌സ് തുടങ്ങിയ സമയത്ത് തന്നെ പുതിയ ചിന്തകള്‍ക്കാണ് ഈ നിര്‍മാണ കമ്പനി പ്രാധാന്യം നല്‍കുന്നതെന്ന് സാമന്ത പറഞ്ഞിരുന്നു. 'സമൂഹത്തിന്റെ വ്യത്യസ്തമായ തലങ്ങളെ വരച്ചുകാണിക്കുന്ന പുതുമയുള്ള, ചിന്തോദ്ദീപകമായ കഥകള്‍ പറയാനാണ് ആഗ്രഹിക്കുന്നത്. ഫിലിം മേക്കഴ്‌സിന് മികച്ച കഥകള്‍ പറയാനുള്ള ഒരു വേദിയായിരിക്കും ഇത്,' എന്നായിരുന്നു അന്ന് സാമന്ത സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
ഇപ്പോള്‍ തുല്യവേതന നയം സ്വീകരിച്ചതിലൂടെ പറഞ്ഞ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുകയാണ് സാമന്ത എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നന്ദിനി റെഡ്ഡിയുടെ വാക്കുകളെ കയ്യടികളോടെയായിരുന്നു സഹ പാനലിസ്റ്റുകളും സദസും സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളിലും സാമന്തയെ പ്രകീര്‍ത്തിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്.
Content Highligths: Samantha Ruth Prabhu to ensure pay parity for artistes on her first production