
കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് 'ടോക്സിക്'. 'മൂത്തോൻ' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ റിലീസ് എന്ന ചോദ്യം ആരാധകർ ഉന്നയിക്കുന്നുണ്ട്. ആ ചോദ്യത്തിനുള്ള മറുപടി ഉടൻ വരുമെന്നാണ് വിവരം.
സിനിമയുടെ ഫൈനൽ ഷെഡ്യൂളിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ് എന്നും സിനിമയുടെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നുമാണ് പുതിയ റിപ്പോർട്ട്. ടോക്‌സിക്കിന്റെ റിലീസ് തീയതി എന്നായിരിക്കുമെന്ന് ഏപ്രിൽ 10 ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത് എന്ന റിപ്പോർട്ടുകളുമുണ്ട്. ടോക്സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായി ഒരുക്കുക എന്ന തീരുമാനത്തിലാണ് അണിയറപ്രവർത്തകർ എന്നാണ് റിപ്പോർട്ട്. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മാത്രല്ല മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുമെന്ന വിവരവുമുണ്ട്.
കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിൽ നയൻതാരയും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.
Content Highlights: Yash’s Toxic release announcement on THIS date