പ്രേക്ഷകരുടെ പ്രാർത്ഥന നോളൻ കേട്ടു, ഇത്തവണ മിസ് ആക്കരുത്; 'ഇന്റെർസ്റ്റെല്ലാർ' വീണ്ടും തിയേറ്ററിലേക്ക്

ഏഴ് ദിവസത്തേക്ക് മാത്രമാണ് സിനിമ തിരിച്ചെത്തുന്നത്. ഐമാക്സ് ഉൾപ്പെടെയുള്ള സ്‌ക്രീനുകളിൽ ചിത്രമെത്തും

dot image

വലിയ പ്രേക്ഷക പ്രശംസ നേടിയ ക്രിസ്റ്റഫർ നോളൻ ചിത്രമായിരുന്നു 'ഇന്റെർസ്റ്റെല്ലാർ'. 2014ല്‍ ഒരു സയൻസ് ഫിക്ഷൻ ഡ്രാമയായി ഒരുങ്ങിയ സിനിമ ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. സിനിമയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഇന്ത്യയിൽ ചിത്രം റീ റിലീസിനെത്തിയിരുന്നു. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ഇന്ത്യയിൽ നിന്നും ലഭിച്ചത്. കേരളത്തിലും പുത്തൻ റിലീസുകൾ മറികടന്ന് വലിയ കളക്ഷനാണ് സിനിമ നേടിയത്. ഇപ്പോഴിതാ നോളൻ ആരാധകർക്ക് ആഘോഷിക്കാവുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്.

ഇന്റെർസ്റ്റെല്ലാർ മാർച്ച് 14 ന് ഇന്ത്യയിൽ വീണ്ടും റീ റിലീസിന് എത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചാണ് സിനിമ വീണ്ടും പ്രദർശനത്തിന് എത്തിക്കുന്നത് എന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഏഴ് ദിവസത്തേക്ക് മാത്രമാണ് സിനിമ തിരിച്ചെത്തുന്നത്. ഐമാക്സ് ഉൾപ്പെടെയുള്ള സ്‌ക്രീനുകളിൽ ചിത്രമെത്തും. നേരത്തെ സിനിമ റീ റിലീസ് ചെയ്തപ്പോൾ ആറ് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് സിനിമ നേടിയത് 2.50 കോടിയാണ്. അതേസമയം, സിനിമയുടെ ഇന്ത്യയിൽ നിന്നുള്ള സിനിമയുടെ മൊത്തം കളക്ഷൻ 15.50 കോടി രൂപയാണ്.

ചിത്രം ഐമാക്‌സിൽ ഏറ്റവും മികച്ച അനുഭവമാണ് നൽകുന്നതെന്നും ഇത്രയും വർഷങ്ങൾക്കിപ്പുറവും ചിത്രം ഒരു വിസ്മയമായി തുടരുന്നുവെന്നുമാണ് സിനിമ കണ്ടവർ എക്സിൽ കുറിക്കുന്നത്. മാത്യു മക്കോനാഗെ, ആൻ ഹാത്ത്‌വേ, ജെസ്സിക്ക ചാസ്റ്റൈൻ, മൈക്കൽ കെയ്ൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഇതിന് മുൻപും 'ഇന്റെർസ്റ്റെല്ലാർ' തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിട്ടുണ്ട്. 165 മില്യൺ ഡോളറിൽ ഒരുങ്ങിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 730.8 മില്യൺ ഡോളറാണ്.

Content Highlights: Interstellar coming back to theatres on march 14th

dot image
To advertise here,contact us
dot image