
എസ് എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ അക്ഷമയോടെയാണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്. 'എസ്എസ്എംബി 29' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയവുമാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഒരു ലൊക്കേഷന്‍ വീഡിയോ ചോര്‍ന്നിരിക്കുകയാണ്.
മഹേഷ് ബാബു ഉൾപ്പെടുന്ന ഒരു രംഗമാണ് ചോർന്നിരിക്കുന്നത്. ഇതിൽ നടനൊപ്പമുള്ളത് പൃഥ്വിരാജ് ആണെന്നാണ് കരുതപ്പെടുന്നത്. ഈ രംഗത്തിൽ ഒരു കഥാപാത്രത്തെക്കുറിച്ചുള്ള ചില നിര്‍ണ്ണായക വിവരങ്ങളും വ്യക്തമാകുന്നുണ്ട്. ലൊക്കേഷനിലെ ഒരു വാഹനത്തില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ക്യാമറയിലാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്.
രംഗങ്ങൾ പുറത്തുവന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ പലരും ആശങ്കകൾ പങ്കുവെക്കുന്നുണ്ട്. ഒരു സിനിമയുടെ അണിയറപ്രവർത്തകരുടെ കഠിനാധ്വാനത്തെ ബഹുമാനിക്കേണ്ടതുണ്ടെന്ന് പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നു. ഈ വീഡിയോ ലീക്കായത് രാജമൗലിയെ അത്യധികം ക്ഷുഭിതനാക്കിയതായാണ് തെലുങ്ക് മാധ്യമങ്ങളിലെ വിവരം. ഒപ്പം സെക്യൂരിറ്റി ഏജന്‍സിയെ മാറ്റാന്‍ അദ്ദേഹം നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ സിനിമയുടെ ഒരു വമ്പൻ സെറ്റ് നിർമാണത്തിന്റെ ലൊക്കേഷൻ ചിത്രവും ലീക്കായിരുന്നു. അതിൽ വാരണാസിയിലേതിന് സമാനമായ ക്ഷേത്രങ്ങളുടെ ഘടനകൾ ഉൾക്കൊള്ളുന്ന ഒരു വലിയ ഷൂട്ടിംഗ് സെറ്റ് ഹൈദരാബാദിൽ നിർമ്മിക്കുന്നതായി കാണാൻ കഴിയും. ചിത്രത്തിനായി കാശി സെറ്റിടാൻ രാജമൗലിക്ക് താൽപ്പര്യമുണ്ടെന്ന് നേരത്തെ ഒരു റിപ്പോർട്ട് വന്നിരുന്നു. ആ സെറ്റാകാം ഇത് എന്നാണ് സൂചന.
1000-1300 കോടി ബജറ്റിലാകും എസ്എസ്എംബി 29 ഒരുങ്ങുക. എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന പ്രിയങ്ക ചോപ്രയാണ് നായിക. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുക. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
Content Highlights: Mahesh Babu’s major scene from SS Rajamouli’s film LEAKS online