
സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വാടിവാസൽ. വെട്രിമാരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ജി വി പ്രകാശ് കുമാറും വെട്രിമാരനും ചേര്‍ന്ന് വാടിവാസലിന്റെ കംപോസിങ്ങിന് ഇരിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോൾ വാടിവാസൽ ഗാനം ഗംഭീരമാണെന്ന് പറയുകയാണ് നിര്‍മാതാവ് കലൈപ്പുള്ളി എസ് താനു. താൻ ആ ഗാനം കേട്ടിരുന്നു. ഇപ്പോൾ ആ ഗാനം പാടിയാൽ പോലും അത് സമൂഹ മാധ്യമങ്ങളിൽ വൈറലാകും എന്നാണ് കലൈപ്പുള്ളി എസ് താനു പറയുന്നത്. തമിഴ് സിനിമയ്ക്ക് തന്നെ അഭിമാനിക്കാൻ കഴിയുന്ന ചിത്രമായിരിക്കും വാടിവാസൽ എന്നും കലൈപ്പുള്ളി എസ് താനു അഭിപ്രായപ്പെട്ടു.
‘വാടിവാസലിന്റെ കംപോസിങ്ങ് ആരംഭിച്ചു. രണ്ട് ദിവസം മുമ്പ് ആ ട്യൂണ്‍ എനിക്ക് അയച്ചുതന്നിരുന്നു. അത് ഇപ്പോള്‍ പാടിയാല്‍ പോലും ട്രെന്‍ഡിങ്ങവും. സൂര്യയുമായി നാല് മണിക്കൂറോളം ചര്‍ച്ച ചെയ്തിട്ടാണ് ആ ട്യൂണ്‍ ഒരുക്കിയത്. ആ ട്യൂൺ കേട്ടപ്പോള്‍ തന്നെ രോമാഞ്ചം തോന്നി. സിനിമാലോകത്തിന് ലഭിച്ച ഒരു വലിയ നിധിയാണ് വെട്രിമാരന്‍. തമിഴ് സിനിമയ്ക്ക് അഭിമാനിക്കാന്‍ സാധിക്കുന്ന ഒരു സിനിമ തന്നെയാകും വാടിവാസല്‍. ഈ വര്‍ഷം തന്നെ സിനിമയുടെ ഷൂട്ട് തുടങ്ങുമെന്ന് ഉറപ്പാണ്. മികച്ചൊരു ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് തരാന്‍ സാധിക്കുമെന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ സാധിക്കുള്ളൂ,’ എന്ന് താനു പറഞ്ഞു.
വാടിവാസലിന്റെ ഷൂട്ടിംഗ് മെയ്, ജൂണിൽ ആരംഭിക്കുമെന്നാണ് ഈ അടുത്ത് വെട്രിമാരൻ വ്യക്തമാക്കിയത്. വി ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം നിർവഹിക്കുക ആർ വേൽരാജ് ആണ്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. അച്ഛന്റെ മരണത്തിന് കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന പിച്ചിയുടെ കഥയാണ് നോവൽ പറയുന്നത്.
Content Highlights: Producer Kalaippulli S Thanu about Vaadivaasal song