
മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടർ എന്ന സിനിമ ഓർമ്മയില്ലേ… ചിത്രത്തിൽ മമ്മൂട്ടിയുടെ മോഹൻ എന്ന കഥാപാത്രത്തെ നെടുമുടി വേണു അവതരിപ്പിക്കുന്ന ഡെൻവർ ആശാനും സംഘത്തിനും അടുത്ത് എത്തിക്കുന്നതും പിന്നീട് അങ്ങോട്ടുള്ള സംഭവങ്ങൾക്കും കാരണമാകുന്നത് നടൻ വിവേക് ഒബ്‌റോയിയെക്കുറിച്ചുള്ള പരാമർശമാണ്. രാം ഗോപാൽ വർമ്മയുടെ സിനിമയിൽ അഭിനയിക്കുന്നതിനായി 'വിവേക് ഒബ്‌റോയ് അന്ധേരിയിലെ ഒരു ഗുണ്ടാ കോളനിയിൽ പോയി താമസിച്ചുവെന്നും അവരുടെ രീതികൾ പഠിച്ചുവെന്നുമാണ്' ആ സിനിമയിലെ പരാമർശം.
എന്നാൽ ഇതിൽ പകുതി മാത്രമാണ് സത്യമെന്നും കുറച്ചൊക്കെ വിവേക് അതിശയോക്തി കലർത്തി പറഞ്ഞതാണെന്നും പറയുകയാണ് രാം ഗോപാൽ വർമ്മ. 'അത് പകുതി ശരിയാണ്. വിവേക് അത് കുറച്ച് കൂട്ടി പറഞ്ഞിട്ടുണ്ട്. അദ്ദേഹം സ്വയം കുറച്ച് വർക്ക് ചെയ്തുവെന്നത് സത്യമാണ്. അദ്ദേഹം മേക്കപ്പൊക്കെ ചെയ്തിട്ട് വന്നു. അദ്ദേഹത്തിന്റെ ലുക്ക് ഒരു ചേരിയിലെ ഗ്യാങ്‌സ്റ്ററിന് ചേരുന്നതാണോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ടായിരുന്നു. ഗ്യാങ്‌സ്റ്റേഴ്സിനൊപ്പം സമയം ചെലവഴിച്ചു എന്നതൊക്കെ കുറച്ച് അതിശയോക്തിയാണ്,' എന്ന് രാം ഗോപാൽ വർമ്മ പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രാം ഗോപാൽ വർമ്മയുടെ പ്രതികരണം.
ഈ സംഭവത്തെക്കുറിച്ച് മുമ്പ് വിവേക് ഒബ്‌റോയ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കമ്പനി എന്ന സിനിമയിലെ ചന്ദു എന്ന കഥാപാത്രത്തിനായി താൻ ഓഡിഷനിൽ പങ്കെടുത്തിരുന്നു. എന്നാൽ തന്റെ രൂപം ആ കഥാപാത്രത്തിന് ചേരുന്നതല്ല എന്ന് രാം ഗോപാൽ വർമ്മയ്ക്ക് തോന്നി. അതേത്തുടർന്ന് മൂന്ന് ആഴ്ചയോളം താൻ ഒരു ചേരിയിൽ പോയി താമസിക്കുകയും അവിടെയുള്ള ആളുകളുടെ സ്വഭാവവും സംസാര രീതികളും പഠിക്കുകയുമായിരുന്നു എന്നാണ് വിവേക് ഒബ്‌റോയ് പറഞ്ഞത്.
Content Highlights: Ram Gopal Varma talks about casting of Vivek Obreoi in Company