ഇതിലും മോശം സിനിമകളുണ്ട്, എന്നാൽ സൂര്യ ചിത്രങ്ങൾ എപ്പോഴും നിഷ്ഠൂരമായി വിമർശിക്കപ്പെടുന്നു: ജ്യോതിക

'പല മോശം സിനിമകളേക്കാളും കങ്കുവ വിമർശിക്കപ്പെടുന്നത് കണ്ടപ്പോൾ വിഷമം തോന്നി'

dot image

സിരുത്തൈ ശിവ സംവിധാനം ചെയ്ത സൂര്യ നായകനായി എത്തിയ ചിത്രമായിരുന്നു കങ്കുവ. വലിയ ബജറ്റില്‍ വമ്പന്‍ പ്രതീക്ഷയോടെ എത്തിയ ചിത്രം പക്ഷേ വിമര്‍ശനങ്ങളായിരുന്നു ഏറ്റുവാങ്ങിയത്. ഇപ്പോൾ സിനിമയ്ക്ക് നേരെ വന്ന വിമർശനങ്ങൾ തന്നെ വേദനിപ്പിച്ചു എന്ന് പറയുകയാണ് ജ്യോതിക. പുതിയ സീരീസായ ഡബ്ബാ കാർട്ടലിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു ജ്യോതികയുടെ പ്രതികരണം.

പല മോശം തെന്നിന്ത്യൻ സിനിമകളും മികച്ച പ്രകടനം (ബോക്സ് ഓഫീസിൽ) കാഴ്ചവെക്കുന്നത് താൻ കണ്ടിട്ടുണ്ട്. എന്നാൽ സൂര്യയുടെ സിനിമകളിലേക്ക് വന്നാൽ എപ്പോഴും വിമർശനങ്ങൾ നിഷ്ഠൂരമാകാറുണ്ട്. ആ സിനിമയിൽ മോശം ഭാഗങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഒരുപാട് പേരുടെ പരിശ്രമം വേണ്ടിവന്ന ചിത്രമായിരുന്നു അത്. പല മോശം സിനിമകളേക്കാളും കങ്കുവ വിമർശിക്കപ്പെടുന്നത് കണ്ടപ്പോൾ വിഷമം തോന്നി എന്ന് ജ്യോതിക പറഞ്ഞു.

ഇതിന് മുന്നേയും കങ്കുവയ്ക്ക് നേരെ വന്ന വിമർശനങ്ങളിൽ ജ്യോതിക പ്രതികരിച്ചിട്ടുണ്ട്. സിനിമ റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾക്ക് ശേഷം സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു നടി പ്രതികരിച്ചത്. ചിത്രത്തിനെ എന്തിന് ഇത്രയേറെ വിമർശിക്കുന്നു എന്നാണ് നടി ചോദിക്കുന്നത്. സിനിമയുടെ അരമണിക്കൂറിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ അതിന് ശേഷം സിനിമ ഒരു മികച്ച ദൃശ്യാനുഭവം തന്നെയാണ് നൽകുന്നത് എന്ന് നടി അഭിപ്രായപ്പെട്ടു. സിനിമയ്‌ക്കെതിരെ മാധ്യമങ്ങളിൽ നിന്നു വലിയ തോതിൽ റെഗെറ്റീവ് റിവ്യൂ വരുന്നു. തീർത്തും ബുദ്ധിശൂന്യമായ സിനിമകൾ മുമ്പ് വന്നിട്ടുണ്ട്, എന്നാൽ ആ സിനിമകളെയൊന്നും ആരും ഇത്തരത്തിൽ വിമർശിച്ചിട്ടില്ല എന്ന് നടി അഭിപ്രായപ്പെട്ടു. സൂര്യയുടെ ഭാര്യ എന്ന നിലയിലല്ല, മറിച്ച് ഒരു സിനിമാപ്രേമി എന്ന നിലയിലാണ് താൻ ഈ കുറിപ്പ് എഴുതുന്നത് എന്നും ജ്യോതിക അന്ന് കുറിച്ചിരുന്നു.

സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ കങ്കുവ, ഫ്രാന്‍സിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് സൂര്യ എത്തിയത്. ബോളിവുഡ് നടന്‍ ബോബി ഡിയോളാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. വലിയ ബജറ്റില്‍ ഇറങ്ങിയ കങ്കുവയ്ക്ക് മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ല. അമിതമായ ശബ്ദവും തിരക്കഥയിലെ ആവര്‍ത്തനവിരസതയും പാളിച്ചകളുമാണ് കങ്കുവയ്ക്ക് തിരിച്ചടിയായത്.

Content Highlights: Jyothika comments on the criticism towards Kanguva movie

dot image
To advertise here,contact us
dot image