
മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ-സത്യൻ അന്തിക്കാട് എന്നത്. ഇരുവരും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്ന ഹൃദയപൂർവ്വം എന്ന സിനിമയുടെ ചിത്രീകരണം ഇപ്പോൾ നടക്കുകയാണ്. വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് സിനിമയ്ക്ക് മേൽ ഉള്ളത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇപ്പോഴിതാ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സത്യൻ അന്തിക്കാട് ചിത്രത്തെക്കുറിച്ചും നടൻ മോഹൻലാലുമൊത്ത് അഭിനയിച്ച എക്സ്പീരിയൻസിനെക്കുറിച്ചും പങ്കുവെച്ചിരിക്കുകയാണ് നടി.
കുട്ടിക്കാലം മുതൽ മോഹൻലാൽ സാറിന്റെ സിനിമകൾ കാണുന്നത് കൊണ്ട് അദ്ദേഹത്തിനൊപ്പം ഇപ്പോൾ അഭിനയിക്കാനായത് അവിശ്വസിനീയമായ മോമെന്റ്റ് ആയി തോന്നിയെന്നും മാളവിക മോഹനൻ പറയുന്നു. വളരെ ഡൗൺ ടു എർത്ത് ആയ സഹപ്രവർത്തകരോട് വളരെ സ്വീറ്റ് ആയി പെരുമാറുന്ന ആളാണ് അദ്ദേഹം. ഒപ്പം അസാമാന്യമായ നർമ്മബോധവും ഉള്ള അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ തികഞ്ഞ സന്തോഷവുമുണ്ടെന്നും മാളവിക പറഞ്ഞു. പട്ടണപ്രവേശമാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള സത്യൻ അന്തിക്കാട് സിനിമയെന്നും എക്സിൽ ആരാധകരുമായി സംവദിക്കവേ മാളവിക പറഞ്ഞു.
നേരത്തെ ചിത്രത്തിൽ ജോയിൻ ചെയ്തതിന്റെ വിശേഷങ്ങൾ ലൊക്കേഷൻ ചിത്രങ്ങൾക്കൊപ്പം മാളവിക പങ്കുവെച്ചിരുന്നു. മോഹൻലാൽ, സത്യൻ അന്തിക്കാട് എന്നീ ഐക്കണുകൾക്കൊപ്പം ഒരു സിനിമയുടെ ഭാഗമാവുക എന്നത് സ്വപ്നതുല്യമായ കാര്യമാണ്. മോഹൻലാലിന്റേയും സത്യൻ അന്തിക്കാടിന്റേയും സിനിമകൾ കണ്ടു വളർന്നയാളാണ് താൻ. സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയത് ഇവരാണെന്ന് മാളവിക കുറിച്ചു.
2015 ല്‍ പുറത്തെത്തിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഇത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നുണ്ട്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം.
Content Highlights: Malavika Mohanan shares the experience working with Mohanlal