
മമ്മൂട്ടി നായകനാകുന്ന ബസൂക്ക എന്ന സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഈ വർഷം ഏപ്രിൽ 10 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പോണി ടെയിൽ ലുക്കിൽ സ്റ്റൈലിഷായുള്ള മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് 30 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് എന്നതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.
അതേസമയം സിനിമയുടേത് എന്ന പേരിൽ ഒരു കഥാസാരം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൊച്ചിയില്‍ വമ്പന്‍ കുറ്റകൃത്യങ്ങള്‍ നടത്തി ഭീതിപടര്‍ത്തുന്ന ഒരു സൈക്കോപാത്തിനെ പിടികൂടാനുള്ള ശ്രമങ്ങളാണ് ബസൂക്കയുടെ കഥ എന്നാണ് റിപ്പോർട്ട്. വോക്‌സ് സിനിമാസിന്റെ വെബ്‌സൈറ്റിലാണ് സിനിമയുടെ പ്ലോട്ട് നൽകിയിരിക്കുന്നത്. വീഡിയോ ഗെയിമിങ്ങിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ യഥാര്‍ത്ഥ ലോകവും അവിടുത്തെ സംഭവങ്ങളും ഗെയിംസുമായി കണക്ടാവുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. ഗെയിമിങ്ങായാലും യഥാര്‍ത്ഥ ലോകത്തായാലും ആരാണ് ശരിക്കും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് കൂടി ചിത്രം അന്വേഷിക്കുന്നുണ്ട് എന്നും വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന പ്ലോട്ടിൽ പറയുന്നു.
രണ്ട് മണിക്കൂറും 31 മിനിറ്റുമായിരിക്കും ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നും റിപ്പോർട്ടുകളുണ്ട്. സിനിമ അനലിസ്റ്റുകളായ സൗത്ത്‍വുഡാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ സിനിമയുടെ റണ്ണിങ് ടൈം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഇതില്‍ മാറ്റങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
Content Highlights: Mammootty movie Bazooka new poster out