
തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രമാണ് വിശ്വംഭര. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ റിലീസ് ഈ വർഷം ജനുവരിയിലായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ രാം ചരൺ ചിത്രം ഗെയിം ചേഞ്ചറുമായി ക്ലാഷ് വേണ്ടെന്ന കാരണത്താൽ ഈ സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. പിന്നീട് മെയ് ഒമ്പതിന് റലീസ് തീരുമാനിച്ചുവെങ്കിലും അതും നീട്ടിയതായുള്ള റിപ്പോർട്ടുകൾ വന്നു.
ഈ തീയതി മാറ്റുവാനുള്ള കാരണം എന്തെന്ന് പല ആരാധകരും ചോദിക്കുന്നുണ്ട്. പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് സിനിമയുടെ റിലീസ് നീട്ടിയത് എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ വിഎഫ്എക്സ് വർക്കുകൾ പൂർത്തിയായിട്ടില്ല എന്നാതാണ് അതിൽ ഒരു കാരണം. നിർമ്മാതാക്കൾ ഗ്രാഫിക്സ് ജോലികൾ ഒന്നിലധികം കമ്പനികൾക്ക് ഔട്ട്‌സോഴ്‌സ് ചെയ്തിട്ടുണ്ട്, പോസ്റ്റ്-പ്രൊഡക്ഷൻ പ്രക്രിയ ഇപ്പോഴും പുരോഗമിക്കുകയാണ് എന്നാണ് സൂചന.
മാത്രമല്ല സിനിമയുടെ ഡിജിറ്റൽ അവകാശം ഒരു പ്ലാറ്റ്ഫോമും ഇതുവരെ സ്വന്തമാക്കിയിട്ടില്ല എന്നും ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. ആമസോൺ പ്രൈം വീഡിയോയും നെറ്റ്ഫ്ലിക്സും അവകാശങ്ങൾ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ നിർമ്മാതാക്കൾ ഉയർന്ന വില ആവശ്യപ്പെട്ടതിനാൽ ഇരു പ്ലാറ്റ്ഫോമുകളും പിന്മാറി എന്നാണ് സൂചന.
ചിത്രം പ്രദര്‍ശനത്തിന് എത്തുക ഓഗസ്റ്റ് 22ന് ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സംവിധായകൻ വസിഷ്ഠ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘വിശ്വംഭര’. ചിരഞ്ജീവിക്കൊപ്പം തൃഷ കൃഷ്ണൻ, അഷിക രംഗനാഥ്, കുനാൽ കപൂർ, സുർഭി, ഇഷ ചൗള എന്നിവരും വിശ്വംഭരയിൽ മുഖ്യ വേഷങ്ങളിലെത്തുന്നു. യു വി ക്രിയേഷൻസ് ചിത്രം നിർമിക്കുന്നു. ഛോട്ടാ കെ നായിഡു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റിങ്: കോട്ടഗിരി വെങ്കടേശ്വര റാവു. എം എം കീരവാണി സംഗീതമൊരുക്കുന്നു.
Content Highlights: Vishwambhara delayed yet again due to these two major reasons