
കാണാന്‍ പോലും തോന്നാത്ത വയലന്‍സ് സീനുകളാണ് ഇപ്പോള്‍ പല സിനിമകളിലും ഉള്ളതെന്നും എന്നാൽ വയലന്‍സിനെ അറപ്പില്ലാതെ കാണിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച സിനിമയാണ് ദൃശ്യമെന്നും ഹരീഷ് പേരടി. ജീത്തു ജോസഫ് എന്ന സംവിധായകന്റെയും എഴുത്തുകാരന്റെയും വിജയമാണ് അതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘സിനിമകളില്‍ ഇപ്പോള്‍ വയലന്‍സിന്റെ അളവ് കൂടിയിട്ടുണ്ട്. കണ്ടിരിക്കാന്‍ പറ്റാത്ത സീനുകളാണ് പലതും. എന്നാല്‍ വയലന്‍സിനെ അറപ്പില്ലാത്ത രീതിയില്‍ കാണിക്കാന്‍ പറ്റുമെന്ന് തെളിയിച്ച സിനിമയാണ് ദൃശ്യം. ഒരു കൊലപാതകം ചെയ്തിട്ട് അത് പിടിക്കപ്പെടാതിരിക്കാന്‍ കാണിക്കുന്ന ശ്രമങ്ങളെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല.
എന്നാലും ആ സിനിമയില്‍ വൃത്തികെട്ട രീതിയില്‍ ചോര ഒലിപ്പിച്ചല്ല വയലന്‍സ് കാണിക്കുന്നത്. മറവ് ചെയ്ത മൃതദേഹം ഒരു സീനില്‍ പോലും കാണിക്കുന്നില്ല. അത് മാത്രമല്ല, ആ ചെറുപ്പക്കാരന്‍ മരിക്കുന്ന രംഗമൊക്കെ അധികം മോശമാകാതെയാണ് എടുത്തുവെച്ചത്. അതിന്റെ എല്ലാ കൈയടിയും സംവിധായകന്‍ ജീത്തു ജോസഫിനുള്ളതാണ്. അയാളുടെ വിജയമാണത്,’ ഹരീഷ് പേരടി പറഞ്ഞു.
നാടകത്തിലൂടെ അഭിനയജീവിതം ആരംഭിച്ച് സീരിയലുകളിലൂടെ സിനിമയിലെത്തിയ നടനാണ് ഹരീഷ് പേരടി. ചുരുങ്ങിയ കാലം കൊണ്ട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബനില്‍ മികച്ച പ്രകടനമായിരുന്നു ഹരീഷ് പേരടി കാഴ്ചവെച്ചത്. ദാസേട്ടന്റെ സൈക്കിൾ എന്ന ചിത്രമാണ് നടന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. അദ്ദേഹം തന്നെയാണ് സിനിമ നിർമിക്കുന്നതും.
Content highlights:Harish Peradi says the way violence was portrayed in the movie Drishyam is excellent