
ലവ് ടുഡേ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. ഇപ്പോഴിതാ ഡ്രാഗൺ എന്ന രണ്ടാം സിനിമയിലൂടെ വീണ്ടും തരംഗമായിരിക്കുകയാണ് നടൻ. തുടർച്ചയായി രണ്ട് 100 കോടി സിനിമകളാണ് ഇപ്പോൾ പ്രദീപിന്റെ പേരിലുള്ളത്. മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം തമിഴിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിക്കഴിഞ്ഞു. ഡ്രാഗണിന് ശേഷം രണ്ട് വലിയ സിനിമകളാണ് പ്രദീപിന്റേതായി ഇനി ഇറങ്ങാൻ ഒരുങ്ങുന്നത്.
നാനും റൗഡി താൻ എന്ന സിനിമയിലൂടെ പ്രശസ്തനായ സംവിധായകൻ വിഘ്‌നേശ് ശിവൻ ഒരുക്കുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' ആണ് ഇനി അടുത്തതായി പുറത്തിറങ്ങുന്ന പ്രദീപ് സിനിമ. ഒരു ഫാന്റസി റൊമാന്റിക് കോമഡി ചിത്രമായി ഒരുങ്ങുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. നയൻതാരയുടെ റൗഡി പിക്ചേഴ്സും ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കൃതി ഷെട്ടി, എസ്ജെ സൂര്യ, സീമാൻ, ഗൗരി ജി കിഷൻ, യോഗി ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ 'ധീമാ ധീമാ' എന്ന ഗാനം അണിയറപ്രവർത്തകർ നേരത്തെ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഈ വർഷം സമ്മർ വെക്കേഷനിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ ഉദ്ദേശിക്കുന്നത്.
സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലും നായകൻ പ്രദീപ് ആണ്. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്. മമിതാ ബൈജു, അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ തുടങ്ങിയവരാണ് സിനിമയിലെ നായികമാർ. പുഷ്പ, ജനത ഗാരേജ് തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് സിനിമ നിർമിക്കുന്നത്. സുധ കൊങ്കരയ്ക്ക് ഒപ്പം സൂരരൈ പോട്രൂ, പാവൈ കഥൈകൾ എന്നീ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ആൾ ആണ് കീർത്തിശ്വരൻ.
അതേസമയം,108.54 കോടിയാണ് ഡ്രാഗണിന്റെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ. ഓവർസീസിൽ നിന്ന് ചിത്രം 32 കോടി നേടി. സിനിമയുടെ ആഗോള കളക്ഷൻ ഇപ്പോൾ 140 കോടിയാണ്. ചിത്രം ഉടൻ 150 കോടിയിലേക്ക് എത്തുമെന്നാണ് കണക്കുക്കൂട്ടൽ. അജിത് സിനിമയായ വിടാമുയർച്ചിയെ മറികടന്നാണ് ഡ്രാഗൺ ഈ നേട്ടത്തിലേക്ക് എത്തിയത്. വിടാമുയർച്ചിയ്ക്ക് 136.41 കോടി മാത്രമാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടാനായത്. മികച്ച പ്രതികരണമാണ് കേരളത്തിൽ നിന്നും ഡ്രാഗണിന് ലഭിക്കുന്നത്. ലവ് ടുഡേ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ചിത്രമാണ് ഡ്രാഗൺ. അനുപമ പരമേശ്വരൻ, കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെൻ്റ് നിർമ്മിക്കുന്ന സിനിമയാണിത്. കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ.
Content Highlights: Pradeep ranganadhan upcoming movies list