
ഡിനോ മോറിയ, ബിപാഷ ബസു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിക്രം ഭട്ട് സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ചിത്രമാണ് 'റാസ്'. 2022 ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടുകയൂം പ്രേക്ഷകരിൽ നിന്ന് ഗംഭീര അഭിപ്രായങ്ങൾ സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ചിത്രത്തിലെ ഗാനങ്ങൾക്ക് അവാർഡുകൾ ഒന്നും ലഭിച്ചില്ലെന്നും എല്ലാ പുരസ്കാരങ്ങളും ഷാരൂഖ് ചിത്രമായ 'ദേവദാസ്' കൊണ്ടുപോയെന്നും മനസുതുറന്നിരിക്കുകയാണ് നടൻ ഡിനോ മോറിയ. ബോക്സ് ഓഫീസിലെ കണക്കുകൾ പ്രകാരമാണെങ്കിൽ ദേവദാസിനേക്കാൾ വലിയ വിജയമാണ് തങ്ങളുടെ ചിത്രമായ റാസ് നേടിയതെന്നും പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ ഡിനോ മോറിയ പറഞ്ഞു.
'പ്രേക്ഷകർക്കിടയിൽ വലിയ സെൻസേഷൻ ആയിരുന്നു ഞങ്ങളുടെ സിനിമ. അതേ വർഷം തന്നെയാണ് ഷാരൂഖ് ചിത്രമായ ദേവദാസും ഇറങ്ങിയത്. എന്നാൽ ബോക്സ് ഓഫീസിൽ നിന്നും ലഭിച്ച കണക്കുകൾ പ്രകാരമാണെങ്കിൽ ദേവദാസിനെക്കാൾ വലിയ വിജയമായാണ് ഞങ്ങളുടെ സിനിമയായ റാസ്. ബോളിവുഡ് ഹംഗാമയുടെ കണക്കുകൾ പ്രകാരം 40 കോടിയിലധികം ബജറ്റിലാണ് ദേവദാസ് നിർമ്മിച്ചതെന്നും ലോകമെമ്പാടുമായി 90 കോടിയോളം രൂപ സിനിമ നേടിയെന്നും ആണ് റിപ്പോർട്ട്. അതേസമയം, 5 കോടി രൂപ ബജറ്റിൽ നിർമിച്ച റാസ് ബോക്സ് ഓഫീസിൽ നിന്നും നേടിയത് 31 കോടി രൂപയാണ്'.
'സിനിമയ്ക്ക് രണ്ട് അവാർഡുകൾ ലഭിച്ചെങ്കിലും മ്യൂസിക് കാറ്റഗറിയിൽ റാസിന് അവാർഡൊന്നും ലഭിച്ചില്ല. ആ ചിത്രത്തിൻ്റെ സംഗീതം വളരെ ജനപ്രിയമായിരുന്നു, ആളുകൾ ഇപ്പോഴും അത് കേൾക്കുന്നു. സിനിമയിലെ പ്രകടനത്തിന് എനിക്കും ബിപാഷയ്ക്കും മികച്ച ജോഡിക്കുള്ള അവാർഡ് ലഭിച്ചു. പക്ഷേ സംഗീതത്തിനുള്ള അവാർഡുകളൊന്നും ലഭിച്ചില്ല. ആ വർഷത്തെ എല്ലാ അവാർഡും ദേവദാസ് കൊണ്ടുപോയി', ഡിനോ മോറിയ പറഞ്ഞു.
സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത് ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമ ആയിരുന്നു ദേവദാസ്. ഒരു പീരീഡ് റൊമാന്റിക് ഡ്രാമയായി എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഷാരൂഖിന്റെ പ്രകടനവും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.
Content highlights: Raaz was a bigger hit than Shahrukh film Devdas says Dino Morea