സംവിധായകൻ ഫ്രീ ആവട്ടെ, ബ്രഹ്മാസ്ത്രയ്ക്ക് രണ്ടാം ഭാഗം തീർച്ചയായും ഉണ്ടാകുമെന്ന് രണ്‍ബീര്‍ കപൂർ

"സംവിധായകന്‍ അയാന്‍ മുഖര്‍ജി നിലവില്‍ ഹൃത്വിക് റോഷന്‍ നായകനായ വാര്‍- രണ്ടിന്റെ തിരക്കിലാണ്. ഇതിന് ശേഷം ബ്രഹ്‌മാസ്ത്ര ആരംഭിക്കും"

dot image

വിഷ്വൽ എഫക്ടസുകളാൽ വിസ്മയം തീർത്ത ബോളിവുഡ് ചിത്രമായിരുന്നു ബ്രഹ്മാസ്ത്ര പാർട്ട് 1. രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അയാൻ മുഖർജി ഒരുക്കിയ ബ്രഹ്മാസ്ത്ര ഒരു ഫാന്റസി ആക്ഷൻ ചിത്രമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം തീർച്ചയായും ഉണ്ടാകുമെന്ന് പറഞ്ഞിരിക്കുകയാണ് രൺബീർ കപൂർ.

മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് രണ്‍ബീര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. സംവിധായകന്‍ അയാന്‍ മുഖര്‍ജി നിലവില്‍ ഹൃത്വിക് റോഷന്‍ നായകനായ വാര്‍- രണ്ടിന്റെ തിരക്കിലാണ്. ഇതിന് ശേഷം ബ്രഹ്‌മാസ്ത്ര രണ്ടാം ഭാഗത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ആരംഭിക്കുമെന്നും രണ്‍ബീര്‍ പറഞ്ഞു.

'അയാന്‍ വളരെക്കാലമായി ഒരു സ്വപ്നമായി കൊണ്ടുനടക്കുന്ന ഒന്നാണ് ബ്രഹ്‌മാസ്ത്ര 2. അദ്ദേഹം ഇപ്പോള്‍ വാര്‍ 2-വിന്റെ പണിപ്പുരയിലാണ്. ഈ ചിത്രം റിലീസ് ചെയ്തുകഴിഞ്ഞാല്‍, ബ്രഹ്‌മാസ്ത്ര 2-ന്റെ പ്രീ-പ്രൊഡക്ഷന്‍ ആരംഭിക്കും. തീര്‍ച്ചയായും അത് സംഭവിക്കും. ബ്രഹ്‌മാസ്ത്ര 2-നെക്കുറിച്ച് കൂടുതലൊന്നും പുറത്തുവിട്ടിട്ടില്ല. പക്ഷേ, ചില പ്രഖ്യാപനങ്ങള്‍ ഉടന്‍ തന്നെ ഉണ്ടാകും,' രണ്‍ബീര്‍ പറഞ്ഞു.

സിനിമയ്ക്ക് രണ്ടും മൂന്നും ഭാഗങ്ങളുണ്ടാകുമെന്ന് സംവിധായകന്‍ അയാന്‍ മുഖര്‍ജി നേരത്തെ തന്നെ

വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ബ്രഹ്‌മാസ്ത്ര പാര്‍ട്ട് ടു: ദേവ്' 2026 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നും 2027 ഡിസംബറിലാകും ബ്രഹ്‌മാസ്ത്രയുടെ മൂന്നാം ഭാഗം പുറത്തിറങ്ങുകയെന്നും സംവിധായകന്‍ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.

സമ്മിശ്ര പ്രതികരണം നേടിയ ആദ്യ ഭാഗം ബോക്സ് ഓഫീസിൽ നിന്നും നേടിയത് 400 കോടിക്ക് മുകളിലാണ്. സിനിമയുടെ വിഷ്വൽ എഫക്ട്സും രൺബീറിന്റെ പ്രകടനവും മികച്ച അഭിപ്രായം നേടിയപ്പോൾ ആലിയയുടെ കഥാപാത്രത്തിനും സിനിമയിലെ സംഭാഷണങ്ങൾക്കും മോശം പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.

ഷാരൂഖ് ഖാൻ, നാഗാർജുന, മൗനി റോയ്, ഡിംപിൾ കപാഡിയ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ധർമ്മ പ്രൊഡക്ഷൻസ്, സ്റ്റാർലൈറ്റ് പിക്ചേഴ്സ്, പ്രൈം ഫോക്കസ് എന്നിവയ്ക്ക് കീഴിൽ സ്റ്റാർ സ്റ്റുഡിയോയുമായി സഹകരിച്ച് രൺബീർ കപൂർ, മരിജ്കെ ഡിസൂസ എന്നിവർക്കൊപ്പം കരൺ ജോഹർ, അപൂർവ മേത്ത, ഹിറൂ യാഷ് ജോഹർ, നമിത് മൽഹോത്ര, മുഖർജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Content highlights: Ranbir Kapoor says there will definitely be a second part of Brahmastra

dot image
To advertise here,contact us
dot image