
കമ്പനി എന്ന സിനിമയിൽ അഭിനയിക്കവേ നടൻ മോഹൻലാലിനോടൊപ്പമുള്ള തന്റെ ഫാൻ ബോയ് നിമിഷത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ബോളിവുഡ് താരം വിവേക് ഒബ്റോയ്. ചിത്രത്തിലെ ഒരു സീനിൽ മോഹൻലാലുമൊത്ത് അഭിനയിക്കവേ അദ്ദേഹത്തിന്റെ പ്രകടനം കണ്ട് അത്ഭുതപ്പെട്ട് താൻ ഡയലോഗ് പറയാൻ മറന്നുവെന്ന് വിവേക് ഒബ്റോയ് പറഞ്ഞു. ‘ലൂസിഫറി’ൽ അഭിനയിക്കാൻ മോഹൻലാലാണ് തന്നെ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും പലയിടത്തും വച്ച് മലയാളികൾ ആരെങ്കിലും കണ്ടാൽ ‘ബോബി’ എന്ന് വിളിക്കാറുണ്ടെന്നും അവരോട് സുഖമാണോ എന്ന് തിരിച്ചു ചോദിക്കാറുണ്ടെന്നും വിവേക് ഒബ്‌റോയ് പറയുന്നു.
'കമ്പനി’ എന്ന സിനിമ ചെയ്യുമ്പോൾ എനിക്ക് 24 വയസ്സാണ്. ലാലേട്ടൻ ഷോട്ടിന് മുൻപ് വളരെ നോർമൽ ആയാണ് ഇരിക്കുന്നത്. ആക്ഷൻ പറഞ്ഞപ്പോൾ പെട്ടെന്ന് അദ്ദേഹം മുന്നിലിരുന്ന ഒരു ഗ്ലാസ് പേപ്പർ വെയിറ്റ് കയ്യിലെടുത്തു. അതെടുത്ത് കളിച്ചുകൊണ്ട് ഡയലോഗ് പറഞ്ഞുതുടങ്ങി. പിന്നെ എന്റെ മുന്നിൽ ഞാൻ കണ്ടത് ഒരു ജീനിയസ് പെർഫോമൻസ് ആണ്. അതിനു ശേഷം ആ സീനിൽ ഡയലോഗ് പറയേണ്ടത് ഞാനാണ്. കാമറ എന്നിലേക്ക് തിരിഞ്ഞപ്പോഴും ഞാൻ ഒരു ഫാൻ ബോയ് പോലെ അദ്ദേഹത്തെ നോക്കി ഇങ്ങനെ ഇരിക്കുകയാണ്. അദ്ദേഹം എങ്ങനെയായിരിക്കും അത് ചെയ്തത് എന്നാണ് എന്റെ ചിന്ത. അപ്പോൾ സംവിധായകൻ രാം ഗോപാൽ വർമ ഒരു ശാസനപോലെ എന്നോട് ചോദിച്ചു ‘നിനക്ക് എന്തു പറ്റി? നിന്റെ ഡയലോഗ് പറയാതെ ഇരിക്കുന്നതെന്താണ്?’ ഞാൻ പറഞ്ഞു, ‘സോറി സർ, ഞാൻ ഈ നിമിഷം ആസ്വദിക്കുകയായിരുന്നു’.
Bobby 😁😁😁#L2E #Empuraan pic.twitter.com/pQnt1IMFw7
— Unni Rajendran (@unnirajendran_) March 12, 2025
'ലൂസിഫർ ചെയ്യുന്നതിന് മുൻപ് മോഹൻലാല്‍ സര്‍ എന്നെ വിളിച്ചു, ‘രാജു ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. നീ ഹിന്ദിയിൽ തുടക്കം കുറിച്ചത് എന്നോടൊപ്പമാണ്, മലയാളത്തിലും തുടക്കം കുറിക്കുന്നത് എന്നോടൊപ്പം ആകട്ടെ’. അത് കേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഇപ്പോഴും ദുബായിൽ മാളിലൂടെ ഒക്കെ നടക്കുമ്പോൾ ഒരു മലയാളി എങ്കിലും എന്നെ ബോബി എന്ന് വിളിച്ച് അടുത്തുവരാറുണ്ട്', വിവേക് ഒബ്റോയ് പറഞ്ഞു.
ലൂസിഫറിൽ ബോബി എന്ന വില്ലൻ കഥാപാത്രത്തെയാണ് വിവേക് ഒബ്റോയ് അവതരിപ്പിച്ചത്. ചിത്രത്തിലെ നടന്റെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ റിലീസിനൊരുങ്ങുകയാണ്. ചിത്രം മാർച്ച് 27 ന് പുറത്തിറങ്ങും.
Content highlights: Vivek Oberoi talks about the performance of Mohanlal