
മികച്ച കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ മനസിൽ കയറിക്കൂടിയ നടനാണ് ആമിർ ഖാൻ. മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന താരത്തിന്റെ സിനിമകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് എപ്പോഴും ലഭിക്കാറുള്ളത്. എന്നാൽ നടന്റേതായി പുറത്തിറങ്ങിയ കഴിഞ്ഞ ചില സിനിമകൾ ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. ഇപ്പോഴിതാ മികച്ച സിനിമകളുമായി ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. അറുപതാം പിറന്നാൾ ആഘോഷത്തിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ ആമിർ ഖാൻ തന്റെ വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് മനസുതുറന്നു.
തന്റെ ഡ്രീം പ്രൊജക്റ്റ് ആയ മഹാഭാരതത്തതിനെക്കുറിച്ചും ആമിർ പറഞ്ഞു. ഒരു ടീമിനെ ഒന്നിച്ച് ചേർത്ത് സിനിമയ്ക്കായുള്ള എഴുത്ത് നടക്കുകയാണെന്ന് നടൻ പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രൊജക്റ്റ് പുറത്തിറങ്ങുമോ എന്ന ചോദ്യത്തിന്, ആദ്യ ഘട്ടം എങ്ങനെയെന്ന് നോക്കാം അതിന് ശേഷം തീരുമാനമെടുക്കും എന്നായിരുന്നു നടന്റെ മറുപടി. ആമിർ ഖാൻ, സൽമാൻ ഖാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തി പ്രേക്ഷകരെ ചിരിപ്പിച്ച് വിജയിച്ച കോമഡി ചിത്രമായ ആന്ദാസ് അപ്ന അപ്നയുടെ രണ്ടാം ഭാഗത്തെക്കുറിച്ചും ആമിർ വാചാലനായി. 'ആന്ദാസ് അപ്ന അപ്ന 2 സംഭവിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. സന്തോഷിനോട് തിരക്കഥ എഴുതാൻ പറഞ്ഞിട്ടുണ്ട്. ഞാനും സൽമാനും അത് നടക്കാൻ ആഗ്രഹിക്കുന്നുണ്ട്', എന്നാണ് ആമിർ പറഞ്ഞത്.
അതേസമയം, 'സിതാരെ സമീൻ പർ' ആണ് ആമിറിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. 'ഇത് താരേ സമീൻ പറിൻ്റെ തുടർച്ചയാണ്, എന്നാൽ ഒറിജിനലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് വ്യത്യസ്തമായ ഒരു കേന്ദ്ര കഥാപാത്രമുണ്ട്. ആ സിനിമ ഇമോഷണൽ ആയി നിങ്ങളെ കരയിപ്പിച്ചെങ്കിൽ ഈ സിനിമ നിങ്ങളെ ചിരിപ്പിക്കും', ആമിർ ഖാൻ പറഞ്ഞു. ചിത്രം ജൂണിൽ തിയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷ. ജെനീലിയയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Content Highlights: Aamir Khan talks about Mahabharata and upcoming films