
കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കളക്ഷനിലും വമ്പൻ കുതിപ്പാണ് സിനിമ നടത്തുന്നത്. സിനിമ ഇതിനോടകം 50 കോടി ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ കുഞ്ചാക്കോ ബോബന്റെ കരിയറിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായി ചിത്രം മാറി. ഇപ്പോഴിതാ ഓഫീസർ ഓൺ ഡ്യൂട്ടിയെ തേടി മറ്റൊരു റെക്കോർഡ് കൂടി എത്തിയിരിക്കുകയാണ്.
ഈ വർഷം കേരള ബോക്സ് ഓഫീസിൽ നിന്ന് ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ ചിത്രമായി ഓഫീസർ ഓൺ ഡ്യൂട്ടി മാറി. 27 കോടിയാണ് സിനിമ ഇതുവരെ കേരളത്തിൽ നിന്നും നേടിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആസിഫ് അലി സിനിമയായ രേഖാചിത്രത്തിനെ മറികടന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടി ഈ നേട്ടം കൈവരിച്ചത്. 26.85 കോടിയാണ് രേഖാചിത്രം നേടിയത്. അതേസമയം രേഖാചിത്രം 75 കോടിയിലേറെ ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. ഓഫീസർ ഓൺ ഡ്യൂട്ടിയുടെ തമിഴ്, തെലുങ്ക് പതിപ്പുകൾ ഇന്ന് റിലീസായിട്ടുണ്ട്.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടി സിനിമയുടെ സംവിധാനം നിർമ്മാണം. 'പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്.
#OfficerOnDuty Surpassed Kerala Gross of #Rekhachithram & Become the Highest Grosser of 2025 in Kerala Box Office 🔥🔥🔥 Crossed 27 Cr 👏👏👏#KunchackoBoban #AsifAlipic.twitter.com/Y6uHv4FtcM
— Kerala Box Office (@KeralaBxOffce) March 13, 2025
'കണ്ണൂർ സ്‌ക്വാഡി'ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Content highlights: Officer on Duty crossed Rekhachithram collection at Kerala boxoffice