കൈതി 2 വിനായി LCU ആരാധകർ ഇനിയും കാത്തിരിക്കണം; ലോകേഷിന്റെ അടുത്ത സിനിമ ആമിറിനൊപ്പമെന്ന് റിപ്പോർട്ട്

സൂര്യയെ നായകനാക്കി ലോകേഷ് കനകരാജ് ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ ആക്ഷൻ സിനിമയായ ഇരുമ്പുകൈ മായാവി ഇപ്പോൾ ആമിർ ഖാനെ നായകനാക്കി ഒരുക്കാനാണ് ലോകേഷിന്റെ പദ്ധതിയെന്ന് റിപ്പോർട്ടുകൾ

dot image

സിനിമാപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച ചിത്രമായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി. കാർത്തി നായകനായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 100 കോടിയാണ് നേടിയത്. എൽസിയു എന്ന ലോകേഷ് കനകരാജ് യൂണിവേഴ്സിന് തുടക്കമിട്ട സിനിമ കൂടിയാണ് കൈതി. ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്ന പ്രഖ്യാപനം നേരത്തെ പുറത്തുവന്നിരുന്നു. ചിത്രം 2025 ൽ ഷൂട്ട് തുടങ്ങുമെന്നാണ് നേരത്തെ വന്നിരുന്ന വാർത്തകൾ. എന്നാൽ കൈതി 2 ഇനിയും വൈകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഇന്നലെ ആമിർ ഖാന്റെ പിറന്നാൾ ദിനത്തിൽ നടനോടൊപ്പമുള്ള ചിത്രം ലോകേഷ് കനകരാജ് പങ്കുവെച്ചിരുന്നു. 'താങ്കളുടെ സിനിമയെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടും അഭിനിവേശവും എനിക്ക് എക്കാലവും പ്രചോദനമാണ്. സ്‌ക്രീനില്‍ ഇനിയുമിനിയും മാജിക് സൃഷ്ടിക്കാനാകട്ടെ,' എന്നാണ് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ലോകേഷ് എഴുതിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ആമിർ ഖാനുമൊത് ലോകേഷ് സിനിമ ചെയ്യാനൊരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ ഉയർന്നത്. നേരത്തെ സൂര്യയെ നായകനാക്കി ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ ആക്ഷൻ സിനിമയായ 'ഇരുമ്പുകൈ മായാവി' ഇപ്പോൾ ആമിർ ഖാനെ നായകനാക്കി ഒരുക്കാനാണ് ലോകേഷിന്റെ പദ്ധതിയെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇനി ഈ സിനിമയാണോ അതോ മറ്റേതെങ്കിലും ചിത്രമാണോ അടുത്തതായി ലോകേഷിന്റേതായി വരുന്നത് എന്നതിൽ സ്ഥിരീകരണം ഇല്ല.

അതേസമയം, ലോകേഷിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത് രജനികാന്ത് നായകനാകുന്ന കൂലി ആണ്. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നേരത്തെ രജനികാന്ത് അടക്കം പല പ്രധാന കഥാപാത്രങ്ങളുടെയും പോസ്റ്ററുകള്‍ പുറത്തുവന്നിരുന്നു. ആമിര്‍ ഖാന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ എന്ന് കാണാനാകുമെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം. ചിത്രത്തില്‍ രജനികാന്തിന്റെ നായകകഥാപാത്രത്തോടൊപ്പമാണോ അതോ എതിര്‍ചേരിയിലാണോ ആമിര്‍ ഖാന്‍ എന്ന് അറിയാന്‍ മാത്രമേ ഇനി ബാക്കിയുള്ളു എന്നും ചിലര്‍ കമന്റുകളില്‍ പറയുന്നുണ്ട്.

നാഗാര്‍ജുന അക്കിനേനി , ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍ , റീബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് കൂലിയുടെ സംഗീത സംവിധാനം. കൂലി എല്‍സിയുവിന്റെ ഭാഗമല്ലെന്നും ഇത് ഒരു സ്റ്റാന്‍ഡ്എലോണ്‍ സിനിമയാണെന്നും ലോകേഷ് കനകരാജ് നേരത്തെ പറഞ്ഞിരുന്നു. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.

Content Highlights: Kaithi 2 will be delayed, lokesh to start Aamir Khan film next

dot image
To advertise here,contact us
dot image