പറ്റിക്കാൻ നോക്കുന്നോ?, ഏജൻ്റിലെ ഒരു സീൻ തമിഴ് സിനിമയിൽ നിന്ന് കോപ്പി അടിച്ചത്; കണ്ടുപിടിച്ച് പ്രേക്ഷകർ

രണ്ട് വര്‍ഷത്തിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്. മോശം പ്രതികരണമാണ് ഒടിടിയിലും സിനിമയ്ക്ക് ലഭിക്കുന്നത്

dot image

അഖില്‍ അക്കിനേനിയെ നായകനാക്കി സുരേന്ദർ റെഡ്‌ഡി സംവിധാനം ചെയ്ത തെലുങ്ക് ചിത്രമാണ് 'ഏജൻ്റ്'. ഒരു സ്പൈ ആക്ഷൻ ചിത്രമായി ഒരുങ്ങിയ ഏജന്റിൽ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. മോശം പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. നിറയെ ട്രോളുകളും സിനിമ ഏറ്റുവാങ്ങിയിരുന്നു. ചിത്രം ഒടിടിയിൽ എത്തിയപ്പോഴും വലിയ വിമർശനങ്ങളും ട്രോളുകളാണ് സിനിമയ്ക്ക് നേരെ ഉയരുന്നത്. ഇപ്പോഴിതാ സിനിമയിൽ നിന്നുള്ള ഒരു കോപ്പിയടി കണ്ടുപിടിച്ചിരിക്കുകയാണ് പ്രേക്ഷകർ.

ചിത്രത്തിലെ ഒരു സീനിൽ മമ്മൂട്ടിയുടെ കഥാപാത്രം കൊൽക്കത്തയിൽ ഒരു സ്ഫോടനം നടന്നതിനെപ്പറ്റി വിവരിക്കുന്നുണ്ട്. മമ്മൂട്ടിയുടെ വിവരണത്തിനൊപ്പം സിനിമയിൽ ആ സ്ഫോടനത്തിന്റെ സീനും കാണിക്കുന്നുണ്ട്. എന്നാൽ ഇത് ജീവ നായകനായി എത്തി കെ വി ആനന്ദ് സംവിധാനം ചെയ്തു 2011 ൽ പുറത്തിറങ്ങിയ 'കോ' എന്ന സിനിമയിലെ രംഗങ്ങൾ ആണെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. തെലുങ്ക് പ്രേക്ഷകർ കണ്ടുപിടിക്കില്ലെന്ന് കരുതിയാണോ തമിഴ് സിനിമയിൽ നിന്ന് കോപ്പിയടിച്ചത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ 'കോ'യുടെ തെലുങ്ക് വേർഷൻ വലിയ ഹിറ്റായിരിക്കെ തന്നെ ഇത്തരം ഒരു പ്രവർത്തി കാണിക്കാൻ ഏജൻ്റ് ടീമിന് എങ്ങനെ ധൈര്യം വന്നെന്നാണ് കമന്റുകൾ. രണ്ട് വര്‍ഷത്തിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്. മോശം പ്രതികരണമാണ് ഒടിടിയിലും സിനിമയ്ക്ക് ലഭിക്കുന്നത്.

ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിനും ട്രോളുകൾ ലഭിക്കുന്നുണ്ട്. കോവിഡിന് ശേഷം മികച്ച സിനിമകളും കഥാപാത്രങ്ങളും മാത്രം ചെയ്തുപോരുന്ന മമ്മൂട്ടി എങ്ങനെയാണ് ഈ സിനിമയ്ക്ക് ഓക്കേ പറഞ്ഞത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ രംഗങ്ങൾ പ്രേക്ഷകർ എക്സിലൂടെ പങ്കുവെച്ചുകൊണ്ടാണ് വിമർശനം ഉന്നയിക്കുന്നത്. പതിവ് പോലെ അഖിൽ അക്കിനേനിയുടെ മോശം പ്രകടനം ആണ് സിനിമയിലെത് എന്നും കമന്റുകളുണ്ട്. ഹിപ്പ് ഹോപ്പ് തമിഴാ സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചത് നവീന്‍ നൂലിയാണ്. ക്യാമറ റസൂല്‍ എല്ലൂരും കലാസംവിധാനം അവിനാഷ് കൊല്ലയും ആയിരുന്നു. ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കരയാണ് നിര്‍മിച്ചത്.

Content Highlights: Mammootty Akhil Akkineni film Agent scene copied from Ko movie

dot image
To advertise here,contact us
dot image