
ഒടുവിൽ മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ റിലീസ് അനിശ്ചിത്വം അവസാനിക്കുന്നു. ചിത്രത്തിന്റെ നിർമാണ പങ്കാളിയായ ലൈക്കയിൽ നിന്ന് റൈറ്റ്‌സുകൾ പ്രമുഖ നിർമാണ കമ്പനിയായ ഗോകുലം മൂവിസ് ഏറ്റെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പ്രമുഖ ട്രാക്കറായ എബി ജോർജ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രത്യേക നിബന്ധനകൾ ഒന്നുമില്ലാതെ തന്നെ ലൈക്കയിൽ നിന്ന് റൈറ്റ്‌സ് പൂർണമായും ഗോകുലം ഏറ്റെടുത്തെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഓവർസീസ് വിതരണം ആശിർവാദ് സിനിമാസ് തന്നെ ഏറ്റെടുത്തെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ലൈക്കയിൽ നിന്ന് റൈറ്റ്‌സുകൾ വാങ്ങിയതോടെ എമ്പുരാൻ നിർമാണത്തിൽ ഗോകുലവും ഇനി മുതൽ നിർമാണ പങ്കാളിയാവും. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസും സുഭാസ്‌ക്കരന്റെ ലൈക്കയും ചേർന്നായിരുന്നു ചിത്രം നിർമിച്ചത്. ലൈക്ക പ്രൊഡക്ഷൻസിന്റേതായി മുൻപ് പുറത്തിറങ്ങിയ ഇന്ത്യൻ 2 ഉൾപ്പടെയുള്ള സിനിമകൾ ബോക്‌സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഈ സിനിമയുടെ നഷ്ടം നികത്താതെ ലൈക്കയുടെ സിനിമകൾ റിലീസ് ചെയ്യാൻ തിയേറ്ററുകൾ തയ്യാറാകുന്നില്ലെന്നതായിരുന്നു നേരത്തെ പുറത്തുവന്ന വാർത്ത.
സിനിമയുടെ ഒടിടി, ഓവർസീസ്, മറ്റു ഭാഷകളിലെ ഡിസ്ട്രിബൂഷൻ തുകകളോട് ലൈക്കയ്ക്ക് യോജിക്കാനാകുന്നില്ലെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. മാർച്ച് 27 ന് റിലീസ് പ്രഖ്യാപിച്ച എമ്പുരാന്റെ ഫാൻസ് ഷോകൾ അടക്കം ഇതിനോടകം വിറ്റുപോയിരുന്നു.
INDUSTRY-BREAKING NEWS — #Empuraan issues have been fully resolved - it's Aashirvad Cinemas, Lyca, Gokulam Movies production.
— AB George (@AbGeorge_) March 15, 2025
Market leader Gokulam Gopalan Sir has extended his support to the biggest Malayalam film without any conditions. Gokulam Movies will now take over all…
റിലീസിന് ഒരു മാസം മുൻപേ മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ലോഞ്ചിങ് ചടങ്ങുകൾക്ക് പിന്നാലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള ക്യാരക്റ്റർ പോസ്റ്റർ പുറത്തുവന്നിരുന്നു. എന്നാൽ പിന്നീട് ചിത്രത്തിനെ കുറിച്ചുള്ള ഒരു അപ്‌ഡേറ്റും പുറത്തുവന്നിരുന്നില്ല. ചിത്രത്തിന്റെ ട്രെയ്‌ലറുകൾക്കും പുതിയ പോസ്റ്ററുകൾക്കുമായി ആരാധകർ സോഷ്യൽ മീഡിയയിൽ മുറവിളി കൂട്ടിയിരുന്നു. ഇതിനിടെ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചേക്കുമെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
ഇതിനിടെയാണ് ചിത്രത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിച്ചെന്നും ഗോകുലം സിനിമ ഏറ്റെടുത്തെന്നും റിപ്പോർട്ട് പുറത്തുവന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ നടൻ പൃഥ്വിരാജ് കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ പുറത്തുവിട്ടിരുന്നു. 'ചെകുത്താൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വലിയ തന്ത്രം.. താൻ ഇല്ലെന്ന് ലോകത്തെ വിശ്വസിപ്പിക്കുക എന്നതായിരുന്നു', എന്ന ക്യാപ്ഷനോടെയാണ് പൃഥ്വി എമ്പുരാന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചത്.
മാർച്ച് 27 എന്ന ഹാഷ്ടാഗോടെയാണ് ആശിർവാദ് സിനിമാസ് ആശിർവാദ് സിനിമാസ് ദുബായ് ഒഫീഷ്യൽ പേജ് ഈ വാർത്ത പങ്കുവെച്ചത്. ഇതോടെ ചിത്രം മാർച്ച് 27 ന് തന്നെ പുറത്തിറങ്ങുമെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദീപക് ദേവ് ആണ് ചിത്രത്തിന്റെ സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Mohanlal's Empuraan has taken over Gokulam from Lyca?, official announcement is expected soon