
കങ്കണ റണൗട്ട് സംവിധാനം ചെയ്ത് നായികയായെത്തിയ പൊളിറ്റിക്കൽ ഡ്രാമ ചിത്രമാണ് എമർജൻസി. 1975-ൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. റിലീസിന് മുൻപ് തന്നെ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച സിനിമയാണ് എമർജൻസി. ഇപ്പോഴിതാ ഒരു മുന്നറിയിപ്പും ഇല്ലാതെ ഹോളി ദിനത്തിൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.
ജനുവരി 17 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്. സിഖ് മതത്തെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്ന പരാതിയെ തുടർന്ന് സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് ആദ്യം നിഷേധിച്ചിരുന്നു. പിന്നീട് സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമാണ് ചിത്രം റിലീസ് ചെയ്തത്. 'യുഎ' സർട്ടിഫിക്കേഷന്‍ ആണ് സിനിമക്ക് ലഭിച്ചിരുന്നത്.
അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, വിശാഖ് നായർ, അന്തരിച്ച സതീഷ് കൗശിക് എന്നിവരാണ് ചിത്രത്തിൽ കങ്കണയ്ക്കൊപ്പം അഭിനയിക്കുന്നത്. സീ സ്റ്റുഡിയോസും കങ്കണയുടെ മണികർണിക ഫിലിംസും ചേർന്നാണ് എമർജൻസി നിർമിച്ചിരിക്കുന്നത്.
Content highlights: The movie 'Emergency' has started streaming on Netflix