
വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് 'ഛാവ'. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങിയത്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ബോക്സ് ഓഫീസിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. കളക്ഷനിൽ വലിയ കുതിപ്പ് തുടരുന്ന സിനിമയെത്തേടി ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് എത്തിയിരിക്കുകയാണ്.
ഷാരൂഖ് ഖാന്റെ ഏറ്റവും വലിയ വിജയ ചിത്രമായ പത്താന്റെ ഇന്ത്യൻ കളക്ഷനെ ഛാവ മറികടന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സാക്നിൽക്കിൻ്റെ റിപ്പോർട്ട് പ്രകാരം ഒൻപത് ആഴ്ചകൾ കൊണ്ട് പത്താൻ നേടിയ 543.09 എന്ന നേട്ടത്തെയാണ് ഛാവ വെറും നാല് ആഴ്ചകൾ കൊണ്ട് മറികടന്നിരിക്കുന്നത്. 546.75 കോടിയാണ് വിക്കി കൗശൽ ചിത്രത്തിന്റെ കളക്ഷൻ. നാലാം വാരത്തിൽ ഛാവ 55.95 കോടിയും നാലാം ശനിയാഴ്ച 16.75 കോടിയും ഞായറാഴ്ച 10.75 കോടിയും നേടി. ചിത്രത്തിൻ്റെ ആഗോള കളക്ഷൻ 731 കോടി രൂപയാണ്.
ഛാവയുടെ ഈ നേട്ടത്തോടെ തുടർച്ചയായി രണ്ട് 500 കോടി സിനിമകൾ നേടിയ ഏക നിർമാണ കമ്പനിയായി മഡോക്ക് ഫിലിംസ് മാറി. സ്ത്രീ 2 ആണ് ഇതിന് മുൻപ് 500 കോടി കടന്ന മറ്റൊരു മഡോക്ക് ചിത്രം. ബോളിവുഡിലെ പല മുൻനിര നിർമാണ കമ്പനികളെയും പിന്തള്ളിയാണ് മഡോക്ക് ഫിലിംസ് ഈ നേട്ടം കൈവരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റിലേക്കാണ് ഛാവ കടക്കുന്നത്. രശ്‌മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. വിക്കിയുടെ കരിയറിലെ തന്നെ നിർണായകമായ ചിത്രങ്ങളിൽ ഒന്നാണ് ഛാവ. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
Content Highlights: Chhaava crossed Pathaan collections at Indian Box office