
സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ ആദ്യമായി നായകനായി എത്തുന്ന സിനിമയാണ് നാദാനിയാന്‍. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും ഇളയമകള്‍ ഖുഷി കപൂറാണ് ഇബ്രാഹിമിന്റെ നായികയായി എത്തുന്നത്. മോശം അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ ഇബ്രാഹിമിന്റെയും ഖുഷിയുടെയും പ്രകടനങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ട്രോൾപൂരമാണ്. എന്നാൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത സിനിമയ്ക്ക് താരതമ്യേനെ മോശമല്ലാത്ത കാഴ്ചക്കാരാണ് ലഭിക്കുന്നത്.
പുറത്തിറങ്ങി ഒരാഴ്ച കൊണ്ട് 3.9 മില്യൺ വ്യൂവേഴ്സ് ആണ് നാദാനിയാന്‍ നെറ്റ്ഫ്ലിക്സിലൂടെ കണ്ടത്. മാത്രമല്ല സിനിമയ്ക്ക് ആദ്യ ആഴ്ചയിൽ ടോപ് ടെൻ സ്ഥാനത്ത് ഇടം പിടിക്കാനും കഴിഞ്ഞിരുന്നു. നെറ്റ്ഫ്ലിക്സിൽ ഈ അടുത്തായി പുറത്തിറങ്ങിയ ബോളിവുഡ് സിനിമകളായ സോയ അക്തർ ചിത്രങ്ങളായ ഖോ ഗയേ ഹം കഹാൻ, ദി ആർച്ചീസ് എന്നീ സിനിമകളേക്കാൾ ഉയർന്ന വ്യൂസ് ആണ് നാദാനിയാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഒപ്പം നെറ്റ്ഫ്ലിക്സിലെ മികച്ച 10 ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ആഗോള ട്രെൻഡിംഗ് പട്ടികയിൽ അഞ്ചാം സ്ഥാനവും നാദാനിയാന്‍ നേടി. ജുനൈദ് ഖാൻ ചിത്രമായ മഹാരാജ്, കൃതി സാനണിൻ്റെ ദോ പത്തി, യാമി ഗൗതം ചിത്രമായ ധൂം ധാം എന്നീ സിനിമകളാണ് വ്യൂവർഷിപ്പിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ സിനിമകൾ.
അതേസമയം വലിയ വിമർശനങ്ങളാണ് സിനിമയെ തേടിയെത്തുന്നത്. സിനിമയിലെ ഒരു സീൻ മുൻനിർത്തിയാണ് പ്രധാനമായും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ലഭിക്കുന്നത്. ഇബ്രാഹിന്റെ മുഖത്ത് ഭാവങ്ങൾ ഒന്നും വരുന്നില്ലെന്നും ഇത് എഐ ആണോ എന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇബ്രാഹിമിന്റെ ഡയലോഗ് ഡെലിവെറിക്കും മോശം അഭിപ്രായങ്ങളാണ് നേടുന്നത്. വളരെ മോശം മോഡുലേഷൻ ആണ് ഇബ്രാഹിമിന്റേതെന്നും നടൻ ഒരു രീതിയിലും അഭിനയിക്കാൻ ശ്രമം നടത്തുന്നില്ലെന്നും കമന്റുകളുണ്ട്. ഖുഷി കപൂറിന്റെ പ്രകടനത്തിനും ഒരുപോലെ വിമർശനം ലഭിക്കുന്നുണ്ട്. ഇബ്രഹാമിനും ഖുഷിക്കുമിടയിൽ യാതൊരു കെമിസ്ട്രിയും ഇല്ലെന്നും ഇരുവരും പരസ്പരം ആരാണ് മോശം അഭിനേതാവ് എന്ന് തെളിയിക്കാനുള്ള മത്സരത്തിലുമാണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ എഴുതുന്നത്.
കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ ഹൗസായ ധര്‍മാറ്റിക് എന്റര്‍ടെയിന്‍മെന്റ് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് ഷോന ഗൗതമാണ്. ഷോനയുടെ ആദ്യ സിനിമയായ 'നാദാനിയാന്‍' ഡല്‍ഹിയുടെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയാണ് പറയുന്നത്. സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള പ്രിയ എന്ന പെണ്‍കുട്ടിയുടെയും നോയിഡയില്‍ നിന്നുള്ള അര്‍ജുന്‍ എന്ന മിഡില്‍ക്ലാസ് പയ്യന്റെയും ആദ്യപ്രണയത്തിന്റെ കഥയാണ് നാദാനിയാന്‍ പറയുന്നത്.
Content Highlights: nadaaniyan grabs top spot in Netflix