
തന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനിച്ച ആളാണ് എ ആർ റഹ്മാൻ എന്നും അദ്ദേഹത്തിന്റെ 'പേട്ട റാപ്പ്' എന്ന ഗാനത്തിന്റെ സ്വാധീനം കൊണ്ട് റാപ്പ് ചെയ്യാൻ തുടങ്ങിയതാണ് താൻ എന്ന് നടൻ നീരജ് മാധവ്. വെന്ത് തനിന്തത് കാട് എന്ന ചിത്രത്തിൽ പോരാട്ടം എന്നൊരു റാപ്പ് റഹ്മാൻ സാറിന്റെ സംഗീതത്തിൽ ചെയ്യാൻ സാധിച്ചു. പേട്ട റാപ്പ് റെക്കോർഡ് ചെയ്ത അദ്ദേഹത്തിന്റെ പഞ്ചതൻ സ്റ്റുഡിയോയിൽ വെച്ച് തന്നെ തനിക്ക് അദ്ദേഹത്തിന് വേണ്ടി ഒരു റാപ്പ് പാടാനായത് വലിയൊരു നേട്ടമായി കാണുന്നെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ നീരജ് മാധവ് പറഞ്ഞു.
'എന്റെ റാപ്പ് കൾച്ചർ വരുന്നത് ഒരു വെസ്റ്റേൺ ഏസ്തെറ്റിക്സിൽ നിന്ന് അല്ല, ഫാഷന് വെസ്റ്റേൺ സ്വാധീനം ഉണ്ടെങ്കിലും ഐഡിയോളജി വെസ്റ്റേൺ അല്ല. ഞാൻ ട്യുപാക് ശകുറിനെയോ, ബിഗ്ഗിയെയോ കണ്ട് പ്രചോദനമായി റാപ്പ് ചെയ്യാൻ തുടങ്ങിയ ആളല്ല. ഞാൻ ആദ്യമായി കേൾക്കുന്നത് എ ആർ റഹ്‌മാന്റെ 'പേട്ട റാപ്' ആണ്. എനിക്ക് മൂന്ന് വയസുള്ളപ്പോൾ എന്റെ മാതാപിതാക്കളുടെ കൂടെ തിയേറ്ററിയിൽ പോയി കണ്ട സിനിമയാണ് 'കാതലൻ'. അതിലെ 'ഉർവശി' എന്ന പാട്ട് എനിക്ക് ഇഷ്ടപ്പെടുകയും കാസെറ്റ് വാങ്ങി വീട്ടിൽ എപ്പോഴും കേൾക്കുകയും അനുകരിക്കുകയും ചെയ്യാറുമുണ്ടായിരുന്നു, അത്രയും എന്നെ ജീവതത്തിൽ എ ആർ റഹ്‌മാൻ സ്വാധീനിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം പാടാൻ വിളിക്കുകയും, അദ്ദേഹത്തോടൊപ്പം വെന്ത് തനിന്തത് കാട് എന്ന ചിത്രത്തിൽ 'പോരാട്ടം' എന്നൊരു റാപ്പ് ചെയ്യുകയും ചെയ്തിരുന്നു. ബിജിഎമ്മിൽ ഇടാൻ വേണ്ടി ചെയ്ത പാട്ട് പിന്നീട് ഒരു ട്രാക്കായിട്ട് ഇറക്കുകയായിരുന്നു. അത് വലിയൊരു നേട്ടം ആയിരുന്നു', നീരജ് മാധവ് പറഞ്ഞു.
വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത റൊമാന്റിക് കോമഡി വെബ് സീരീസ് ആയ ലവ് അണ്ടർ കൺസ്ട്രക്ഷൻ ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ നീരജിന്റെ പ്രൊജക്റ്റ്. അജു വര്‍ഗീസും നീരജ് മാധവും ഗൗരി ജി കിഷനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സീരീസില്‍ മലയാളത്തിലെ പ്രമുഖ മുന്‍നിര താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഫെബ്രുവരി 28 ന് ഹോട്ട്സ്റ്റാറിലൂടെ ലവ് അണ്ടർ കൺസ്ട്രക്ഷൻ സ്ട്രീമിങ് ആരംഭിച്ചു. ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ വാശി എന്ന സിനിമയ്ക്ക് ശേഷം വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന സീരീസ് ആണിത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലാണ് സീരീസ് പുറത്തിറങ്ങിയത്.
Content Highlights: Rahman's Petta rap inspired me to do raps says neeraj Madhav