അജിത്തിന്റെ വില്ലൻ ഇനി നയൻസിനെതിരെ; മൂക്കുത്തി അമ്മൻ 2 ൽ വമ്പൻ കാസ്റ്റിങ്

സൂപ്പർഹിറ്റ് സംവിധായകൻ സുന്ദർ സി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

dot image

തെന്നിന്ത്യൻ നായിക നയൻതാര പ്രധാന വേഷത്തിലെത്തി ശ്രദ്ധ നേടിയ ചിത്രമാണ് മൂക്കുത്തി അമ്മൻ. സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്ത് വിജയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയിലെ കാസ്റ്റിങ് സംബന്ധിച്ച് വമ്പൻ റിപ്പോർട്ടുകളാണ് വരുന്നത്.

തമിഴിലെ ശ്രദ്ധേയനായ നടൻ അരുൺ വിജയ് സിനിമയിൽ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അജിത് നായകനായ യെന്നൈ അറിന്താൽ എന്ന സിനിമയിലെ നടന്റെ വില്ലൻ വേഷം ഇപ്പോഴും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. വർഷങ്ങൾക്കിപ്പുറം അരുൺ വിജയ്‌യെ ഒരു വമ്പൻ വില്ലൻ വേഷത്തില്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

2020-ൽ ആർ ജെ ബാലാജി, എൻ ജെ ശരവണൻ എന്നിവർ സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. ജീവിതം മുൻപോട്ട് പോകാൻ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നിൽ മൂക്കുത്തി അമ്മൻ എന്ന അയാളുടെ കുല ദൈവം പ്രത്യക്ഷപ്പെടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് മൂക്കുത്തി അമ്മൻ പറഞ്ഞത്. ഇതിന്റെ രണ്ടാം ഭാഗമായാണ് മൂക്കുത്തി അമ്മൻ 2 എത്തുന്നത്.

സൂപ്പർഹിറ്റ് സംവിധായകൻ സുന്ദർ സി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂക്കുത്തി അമ്മൻ 2 ന് പുറമെ വടിവേലു പ്രധാന കഥാപാത്രമാകുന്ന സിനിമയും കളകളപ്പ് 3യും സുന്ദർ സിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അരൺമനൈ 3 എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്.

Content Highlights: THIS actor to play the antagonist in Mookuthi Amman 2

dot image
To advertise here,contact us
dot image