നായകൻ സൽമാൻ, വില്ലൻ അല്ലു അർജുൻ, ബോക്സ് ഓഫീസിൽ തീയാകുമോ ഈ അറ്റ്ലീ ചിത്രം?; റിപ്പോർട്ട്

നേരത്തെ അറ്റ്ലീയുടെ ഈ സ്ക്രിപ്റ്റിൽ അഭിനയിക്കാൻ സൽമാൻ ഏറെ താല്പര്യം പ്രകടിപ്പിച്ചിരുന്നു

dot image

ഹിറ്റ് സംവിധായകൻ അറ്റ്ലീയും അല്ലു അർജുനും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ജവാൻ എന്ന സിനിമയുടെ വിജയത്തിന് ശേഷം അറ്റ്ലീയും പുഷ്പ 2 ന്റെ വിജയത്തിന് പിന്നാലെ അല്ലുവും ഒന്നിക്കുന്ന സിനിമ വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നതും. ഇപ്പോഴിതാ സിനിമയെ സംബന്ധിച്ച ഒരു പുതിയ റിപ്പോർട്ട് ആണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

അറ്റ്ലീയും നടൻ സൽമാൻ ഖാനും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ സിനിമാ മേഖലയിൽ സജീവമായിരുന്നു. എന്നാൽ പിന്നീട് ഈ ചിത്രം ഉപേക്ഷിച്ചതായും റിപ്പോർട്ടുകൾ എത്തിയിരുന്നു. സിനിമയുടെ ബിഗ് ബജറ്റാണ് സിനിമ താല്‍ക്കാലികമായി ഉപേക്ഷിക്കാന്‍ കാരണമായത് എന്നായിരുന്നു വിവരം. എന്നാൽ ഇപ്പോൾ അല്ലു അർജുൻ ചിത്രത്തിലേക്ക് സൽമാൻ ഖാൻ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് അറ്റ്ലീ എന്നാണ് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെയെങ്കിൽ ചിത്രത്തിൽ സൽമാൻ നായകനായും അല്ലു അർജുൻ വില്ലനായിട്ടാകും എത്തുക. നേരത്തെ അറ്റ്ലീയുടെ ഈ സ്ക്രിപ്റ്റിൽ അഭിനയിക്കാൻ സൽമാൻ ഏറെ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത് സത്യമാകുകയാണെങ്കിൽ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ സിനിമയായിട്ടാകും ഈ അറ്റ്ലീ ചിത്രം പുറത്തിറങ്ങുക.

പുനർജന്മ പ്രമേയത്തെ അടിസ്ഥാനമാക്കിയായിരിക്കും അല്ലു അർജുൻ-അറ്റ്ലീ ചിത്രം കഥ പറയുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. അല്ലു അർജുൻ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാകും അവതരിപ്പിക്കുക. ഇതിൽ ഒന്ന് ആധുനിക കാലഘട്ടത്തിലുള്ളതും മറ്റൊന്ന് പഴയകാലഘട്ടത്തിലേതുമാണെന്നാണ് സൂചന. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഈ വർഷം ഏപ്രിലിൽ ആരംഭിക്കുമെന്നാണ് 123 തെലുഗു റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അടുത്ത വർഷത്തോടെ സിനിമ റിലീസ് ചെയ്യുമെന്നുമാണ് സൂചന.

600 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ അല്ലു അർജുന്റെ പ്രതിഫലം 250 കോടി ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംവിധായകനായ അറ്റ്ലീക്ക് 100 കോടിയാണ് ലഭിക്കുന്നതെന്നും വാർത്തകളുണ്ട്. സൺ പിക്ചേഴ്സും അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള ഗീത ആർട്സും ചേർന്നാണ് സിനിമ നിർമിക്കുന്നതെന്ന് നേരത്തെ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlights: Atlee film to have Salman Khan and Allu Arjun in lead

dot image
To advertise here,contact us
dot image