
തമിഴിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. നിരവധി സൂപ്പർഹിറ്റ് സിനിമകളാണ് വീണ്ടും ബിഗ് സ്‌ക്രീനിലെത്തി കളക്ഷനിൽ കോടികൾ കൊയ്യുന്നത്. വിജയ്‌യുടെ എക്കാലത്തെയും വലിയ വിജയ ചിത്രമായ ഗില്ലി 25 കോടിയോളമായിരുന്നു റീ റിലീസിൽ സ്വന്തമാക്കിയത്. ഇപ്പോഴിതാ മറ്റൊരു തമിഴ് സിനിമ കൂടി റീ റിലീസിനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ആര്യ, സന്താനം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം രാജേഷ് സംവിധാനം ചെയ്ത 'ബോസ് എങ്കിറ ഭാസ്കരൻ' ആണ് റീ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. മാർച്ച് 21 ന് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തും. തമിഴിലെ എക്കാലത്തെയും മികച്ച കോമഡി സിനിമകളിൽ ഒന്നായി കാണാക്കപ്പെടുന്ന ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. ചിത്രത്തിലെ കോമഡി സീനുകൾക്കും സന്താനത്തിന്റെ പ്രകടനത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. നയൻതാര ആണ് സിനിമയിൽ നായികയായി എത്തുന്നത്. സുബ്ബു പഞ്ചു, ലക്ഷ്മി രാമകൃഷ്ണൻ, മൊട്ട രാജേന്ദ്രൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
RE-RELEASE 🔔
— Venkatramanan (@VenkatRamanan_) March 16, 2025
Comedy Galatta entertainer #BossEngiraBhaskaran to have a re-release in theatres on MARCH 21st, coming weekend. pic.twitter.com/OsRi3xVshZ
കഴിഞ്ഞ വാരം രവി മോഹൻ ചിത്രമായ എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി റീ റിലീസിന് എത്തിയിരുന്നു. ചിത്രത്തിൽ നദിയ മൊയ്തു, പ്രകാശ് രാജ്, അസിൻ, വിവേക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും വലിയ ഹിറ്റാണ്. ഗജിനി, ബില്ല, കത്തി, തുപ്പാക്കി തുടങ്ങി നിരവധി സൂപ്പർതാര സിനിമകളാണ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. പല സിനിമകൾക്കും വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ബോസ് എങ്കിറ ഭാസ്കരനും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രതീക്ഷ.
Content Highlights: Boss Engira Bhaskaran all set to re release next week