
പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സംവിധായകൻ രാജമൗലി. ഈഗ, ബാഹുബലി, ആർആർആർ തുടങ്ങിയ രാജമൗലി സിനിമകളുടെ മലയാളം പതിപ്പുകൾക്ക് ഗാനങ്ങളും സംഭാഷണങ്ങളും ചിട്ടപ്പെടുത്തിയത് മങ്കൊമ്പ് ഗോപാലകൃഷ്ണനായിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചായിരുന്നു രാജമൌലിയുടെ അനുശോചനം.
'മലയാളത്തിലെ ഇതിഹാസ എഴുത്തുകാരൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ സാറിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കാലാതീതമായ വരികൾ, കവിതകൾ, സംഭാഷണങ്ങൾ എന്നിവ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈഗ, ബാഹുബലി, ആർആർആർ എന്നിവയുടെ മലയാളം പതിപ്പുകളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്,' രാജമൗലി പറഞ്ഞു.
Sad to hear about the passing of legendary Malayalam writer Mankombu Gopalakrishnan sir. His timeless lyrics, poetry, and dialogues have left a lasting impact.
— rajamouli ss (@ssrajamouli) March 17, 2025
Grateful to have collaborated with him on the Malayalam versions of Eega, Baahubali and RRR.
Om Shanti.
കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഇന്ന് വൈകിട്ട് 4.55നായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ എട്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഇരുന്നൂറിലേറെ മലയാള സിനിമകളിലായി എഴുന്നൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 'നാടന്‍ പാട്ടിലെ മടിശീല, കാളിദാസന്റെ കാവ്യ ഭാവന, ഇളംമഞ്ഞിന്‍ കുളിരുമായി, ഗംഗയില്‍ തീര്‍ത്ഥമാടിയ കൃഷ്ണശില' തുടങ്ങി നിരവധി ഹിറ്റുകള്‍ അദ്ദേഹത്തിൻ്റെ സംഭാവനയാണ്.
ഹരിഹരന്‍ ചിത്രങ്ങള്‍ക്കായാണ് അദ്ദേഹം കൂടുതല്‍ പാട്ടുകള്‍ രചിച്ചത്. എം എസ് വിശ്വനാഥന്‍, ദേവരാജന്‍, എം കെ അര്‍ജുനന്‍, ബോംബെ രവി, ബാബുരാജ്, ഇളയരാജ, എ ആര്‍ റഹ്‌മാന്‍, കീരവാണി, ഹാരിസ് ജയരാജ്, യുവന്‍ ശങ്കര്‍രാജ തുടങ്ങി പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights:Director Rajamouli expresses condolences of Mankombu Gopalakrishnan