
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുകയാണ് എമ്പുരാൻ. റിലീസ് അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ച് മാർച്ച് 27ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന ഔദ്യോഗിക അറിയിപ്പ് വന്നതോടെ സിനിമയുടെ ഹൈപ്പും പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. ബോക്‌സ് ഓഫീസ് കളക്ഷനിൽ റെക്കോർഡുകൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയുമായി എത്തുന്ന ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു. സിനിമയുടെ ആദ്യ ഷോയുടെ വിവരങ്ങൾ പുറത്തുവിട്ട പോസ്റ്റർ റിലീസായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ അതിനെ ഡീകോഡ് ചെയ്തിരിക്കുകയാണ് പ്രേക്ഷകർ.
മഴയത്ത് ഒരു പാർട്ടി സമ്മേളനം എന്ന് തോന്നിക്കുന്ന ചടങ്ങിൽ അണികൾക്ക് മുന്നിൽ കൈകെട്ടി നിൽക്കുന്ന സ്റ്റീഫൻ നെടുമ്പള്ളിയെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. ഒന്ന് സൂക്ഷിച്ച് നോക്കിയാൽ ഐയുഎഫ് രാഷ്ട്രീയ വിശദീകരണ യോഗം എന്ന് എഴുതിയിരിക്കുന്ന ഒരു ബോർഡ് കാണാനാകും. ഒപ്പം ഐയുഎഫിന്റെ തലവനായ പികെ രാംദാസിന്റെ ചിത്രവും കാണാം. എന്നാൽ ഈ ചിത്രത്തിൽ കുറച്ച് ചെറുപ്പമാണ് പികെആർ. ഇതോടെയാണ് ഈ സീൻ എമ്പുരാനിലെ ഫ്ലാഷ്ബാക്ക് സീനിൽ നിന്നാകാം എന്ന കണ്ടെത്തലിലേക്ക് പ്രേക്ഷകർ എത്തിയിരിക്കുന്നത്. ഇതിനോടൊപ്പം ഇന്ദ്രജിത് അവതരിപ്പിക്കുന്ന ഗോവർദ്ധൻ്റെ ക്യാരക്റ്റർ പോസ്റ്റർ കൂടി ചേർത്തുവെച്ചാണ് ആരാധകർ ഇത് സ്റ്റീഫൻ നെടുമ്പള്ളിയെ പികെആർ രാഷ്ട്രീയത്തിലേക്ക് അവതരിപ്പിക്കുന്ന സീൻ ആകാം എന്ന് കണ്ടെത്തിയിരിക്കുന്നത്. ഒരു മഴയുള്ള സമയത്ത് കുടകൾക്കിടയിൽ കാമറയുമായി നിൽക്കുന്നതാണ് ഇന്ദ്രജിത്തിന്റെ പോസ്റ്റർ. ഇത് ഇന്നലെ പുറത്തുവിട്ട പോസ്റ്ററിലെ സീനിൽ നിന്നാകാം എന്നും തിയറികളുണ്ട്. അങ്ങനെയെങ്കിൽ സ്റ്റീഫൻ നെടുമ്പള്ളിയും ഗോവർദ്ധനും ആദ്യമായി കണ്ടുമുട്ടുന്ന രംഗമാകാം ഇത്.
When Pkr introducing Stephen👑#Empuraan #Mohanlal pic.twitter.com/qcW7rSlN2i
— Cinesthetic (@Keraliteee) March 16, 2025
മാർച്ച് 27 ന് രാവിലെ രാവിലെ 6 മണി മുതൽ സിനിമയുടെ പ്രദർശനം ആരംഭിക്കും. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും സുഭാസ്‌ക്കരന്റെ ലൈക്കയും ചേര്‍ന്നായിരുന്നു എമ്പുരാന്‍ നിര്‍മിച്ചത്. ലൈക്ക പ്രൊഡക്ഷന്‍സിന്റേതായി മുന്‍പ് പുറത്തിറങ്ങിയ ഇന്ത്യന്‍ 2 ഉള്‍പ്പടെയുള്ള സിനിമകള്‍ ബോക്സ് ഓഫീസില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഈ സിനിമയുടെ നഷ്ടം നികത്താതെ ലൈക്കയുടെ സിനിമകള്‍ റിലീസ് ചെയ്യാന്‍ തിയേറ്ററുകള്‍ തയ്യാറാകുന്നില്ലെന്നതായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്ത.
സിനിമയുടെ ഒടിടി, ഓവര്‍സീസ്, മറ്റു ഭാഷകളിലെ ഡിസ്ട്രിബ്യൂഷന്‍ തുകകളോട് ലൈക്കയ്ക്ക് യോജിക്കാനാകുന്നില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു. മാര്‍ച്ച് 27 ന് റിലീസ് പ്രഖ്യാപിച്ച എമ്പുരാന്റെ ഫാന്‍സ് ഷോകള്‍ അടക്കം ഇതിനോടകം വിറ്റുപോയിരുന്നു. റിലീസിന് ഒരു മാസം മുന്‍പേ മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ലോഞ്ചിങ് ചടങ്ങുകള്‍ക്ക് പിന്നാലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള ക്യാരക്റ്റര്‍ പോസ്റ്ററുകളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഗോകുലം മൂവീസ് കൂടി നിര്‍മാണത്തില്‍ പങ്കാളിയായതോടെ അനിശ്ചിതത്വങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്.
Content Highlights: Empuraan release poster decoded by mohanlal fans