'മാർഗം കളി'യിലെ കഥാപാത്രം ഒഴിവാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്: ഗൗരി കെ കിഷൻ

'അനുഗ്രഹീതൻ ആന്റണി ചെയ്തുകൊണ്ടിരുന്ന സമയം അതിന്റെ റീലീസ് വൈകിയിട്ടുണ്ടായിരുന്നു, അപ്പോഴാണ് 'മാർഗം കളി' സിനിമയിലെ ചെറിയ റോൾ വന്നത്.'

dot image

'96' എന്ന തമിഴ് സിനിമയിൽ തൃഷയുടെ ബാല്യകാലം അവതരിപ്പിച്ച് ഏവരുടെയും ശ്രദ്ധനേടിയ നടിയാണ് ഗൗരി കെ കിഷൻ. ഗൗരിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രമായിരുന്നു അനുഗ്രഹീതൻ ആന്റണി. എന്നാൽ ഈ സിനിമയുടെ റിലീസിന് മുന്നേ തന്നെ മാർഗം കളി എന്ന മറ്റൊരു സിനിമ റിലീസ് ചെയ്തിരുന്നു. ഈ സിനിമയിൽ കാമിയോ റോളിലായിരുന്നു ഗൗരി എത്തിയത്. മാർഗം കളി എന്ന സിനിമയിലെ കഥാപാത്രം ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടെന്നും തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ഈ കഥാപാത്രത്തിന് സമീപിച്ചതെന്നും ഗൗരി പറഞ്ഞു. റെഡ് എഫ് മ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ആ സിനിമയിലെ ടീമിനെ മോശമായി പറയുകയല്ല, ബഹുമാനത്തോടെ തന്നെ പറയട്ടെ. എന്റെ അറിവില്ലായ്മയാണ് അല്ലെങ്കിൽ എന്നെ തെറ്റിദ്ധരിപ്പിച്ചു എന്ന് തോന്നിയ ചിത്രം മാർഗം കളി ആണ്. അനുഗ്രഹീതൻ ആന്റണി ചെയ്തുകൊണ്ടിരുന്ന സമയം അതിന്റെ റീലീസ് വൈകിയിട്ടുണ്ടായിരുന്നു, അപ്പോഴാണ് മാർഗം കളി സിനിമയിലെ ചെറിയ റോൾ വന്നത്. അവർ പറഞ്ഞു വന്നത് വലിയ പേരുകളാണ്. അൽഫോൻസ് പുത്രൻ തുടങ്ങിയ വലിയ ആളുകളുടെ പേരുകൾ. ഈ സിനിമയുമായി അവർക്ക് ഡിസ്‌റ്റൻസ് കണക്ഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പ്രേമം കഴിഞ്ഞിട്ടുള്ള സിനിമ, അൽഫോൻസ് പുത്രൻ എന്ന് കേട്ടപ്പോൾ ഞാൻ ഓക്കേ പറഞ്ഞു. പക്ഷെ പിന്നീട് എനിക്ക് അത് വേണ്ട എന്ന് തോന്നിയിരുന്നു. ആ സിനിമയിൽ ഞാനൊരു പാട്ടിൽ മാത്രമാണ്. അങ്ങനെ ആർക്കും ഓർത്തിരിക്കാൻ പറ്റിയ ഒരു കഥാപാത്രമാണെന്ന് എനിക്ക് തോന്നിയില്ല. ആ സമയത്ത് ഞാൻ വളരെ ചെറുതാണ്. 19, 20 വയസ് മാത്രമേ പ്രായമുള്ളൂ. അത് വേണ്ടായിരുന്നുവെന്ന് ഞാൻ ചിലപ്പോൾ ആലോചിക്കാറുണ്ട്.

ഇപ്പോഴും ഗൗരിയുടെ ആദ്യസിനിമ മാർഗം കളി എന്ന് പറയുമ്പോൾ ഞാൻ പറയാറുണ്ട്, അല്ല അനുഗ്രഹീതൻ ആന്റണി ആണെന്റെ ആദ്യ ചിത്രം എന്ന്. കാമിയോ ആയിരുന്നു മാർഗം കളിയിൽ. എന്റെ ആദ്യ സിനിമ അനുഗ്രഹീതൻ ആന്റണി ആണ്,' ഗൗരി പറഞ്ഞു.

Content Highlights:  Gauri says she felt she could get rid of her character in the movie Margamkali

dot image
To advertise here,contact us
dot image