
'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പോസ്റ്ററുകൾക്കും മറ്റു അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നതും. ഇപ്പോഴിതാ സിനിമയുടെ സിനിമയുടെ തീം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഖാലിദ് റഹ്മാൻ. കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഖാലിദ് റഹ്മാൻ.
'ആലപ്പുഴയിൽ പ്ലസ് ടുവിന് പഠിക്കുന്ന ചില പിള്ളേര്, ഇവന്മാര് പ്ലസ് ടു തോറ്റു. ഇവർക്ക് എങ്ങനെയെങ്കിലും ആലപ്പുഴ എസ് ഡി കോളേജിൽ അഡ്മിഷൻ കിട്ടണം. ഏതെങ്കിലും സ്പോർട്സ് വിഭാഗത്തിൽ സ്റ്റേറ്റ് ലെവലിൽ വരെ പങ്കെടുത്താൽ 60 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. സ്പോർട്സ് ക്വാട്ടയിൽ അപ്ലൈ ചെയ്താൽ അഡ്മിഷൻ കിട്ടാനും എളുപ്പമാണ്. അങ്ങനെ ബോക്സിങ് പഠിക്കാം എന്ന തീരുമാനത്തിലെത്തും. അത് അല്ലാതെ ഇവർക്ക് ഹാർഡ്കോർ ആയിട്ടുള്ള ആഗ്രഹങ്ങൾ ഒന്നുമില്ല. ഇവർ ജില്ലാ തലത്തിൽ വിജയിച്ച് സംസ്ഥാന തലത്തിൽ എത്തും. അവിടെ ചെന്ന് ഇവന്മാർ ഇടി കൊണ്ട് ഒരവസ്ഥയിൽ എത്തുന്നതാണ് ഈ സിനിമയുടെ കഥ,' എന്ന് ഖാലിദ് റഹ്മാൻ പറഞ്ഞു.
പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. മുഹ്സിൻ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതുന്നത്.
Content Highlights: Khalid Rahman reveals the plot of Alappuzha Gymkhana